വൈസ് പ്രസിഡന്റുമാരും മന്ത്രിസഭയുടെ ഭാഗമായതോടെ നേതൃശൂന്യത രൂക്ഷമായ കെ.പി.സി.സി വീണ്ടും പുനഃസംഘടന ചർച്ചകളിലേക്ക്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾക്കായി തലസ്ഥാനത്തെത്തി. വരുംദിവസങ്ങളിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് പുറമേ വൈസ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരാണ് മന്ത്രിസഭയിലെത്തിയത്.
കോൺഗ്രസിന്റെ പ്രഖ്യാപിത നയമായ ‘ഒരാൾക്ക് ഒരു പദവി’ അനുസരിച്ച് മന്ത്രിസഭയിലുള്ളവർക്ക് സംഘടന ചുമതല വഹിക്കാനാവില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് മന്ത്രിസഭയിലെത്തിയെങ്കിലും ആദ്യം നികത്തുന്നത് കെ.പി.സി.സി തലപ്പത്തെ ഒഴിവുകളാകും. പിന്നീട് ഡി.സി.സികളിലേക്കും പോഷക സംഘടനകളിലേക്കും കടക്കും. ഏഴ് ഡി.സി.സി പ്രസിഡന്റുമാർ എം.എൽ.എമാരാണ്. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതലയുള്ള എൻ. ശക്തനും നിയമസഭയിലുണ്ട്. പകുതിയിലേറെ ഡി.സി.സികളുടെ തലപ്പത്തും അഴിച്ചുപണിയുണ്ടാകും. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ ഉൾപ്പെടെ അഞ്ചിലേറെ പേരുകളാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരുന്നത്.
പാർട്ടി അധികാരത്തിലുള്ളതിനാൽ സംഘടനസംവിധാനം സജീവമാക്കിനിർത്തലും സർക്കാർ ചുവടുവെപ്പുകൾക്ക് രാഷ്ട്രീയപിന്തുണ നൽകലുമടക്കം ചുമതലകളാണ് കെ.പി.സി.സി നേതൃത്വത്തിന് നിർവഹിക്കാനുള്ളത്. നയപരമായ ഏകോപനത്തിനപ്പുറം സർക്കാർ പ്രവർത്തനങ്ങളിൽ ഇടപെടുന്ന പതിവ് കോൺഗ്രസിലില്ല. നയപരമായ ഇടപെടലുകൾ ഏറ്റുമുട്ടലുകളിലേക്ക് വഴിമാറിയ രാഷ്ട്രീയസാഹചര്യങ്ങൾക്ക് കോൺഗ്രസ് ഭരണകാലത്ത് ഉദാഹരണങ്ങളുണ്ട്.
2014ൽ കോടതി ഉത്തരവിനെത്തുടർന്ന് പൂട്ടിയ 418 ബാറുകൾ കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം. സുധീരൻ തുറക്കാൻ അനുവദിക്കില്ലെന്ന് ശാഠ്യംപിടിച്ചതും പഞ്ചനക്ഷത്ര ഹോട്ടലുകളൊഴികെ ബാറുകൾ പൂട്ടി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി തിരിച്ചടിച്ചതും കറുത്ത അനുഭവങ്ങളായി പാർട്ടിക്കുമുന്നിലുണ്ട്. ഈ സാഹചര്യത്തിൽ കരുതലോടെയാകും കെ.പി.സി.സി അധ്യക്ഷ നിർണയം. സർക്കാർ അധികാരത്തിലെത്തി ഒരു മാസമായിട്ടും കെ.പി.സി.സിയിലെ സുപ്രധാന ഒഴിവുകൾ നികത്താത്തത് സംഘടന സംവിധാനത്തെ നിഷ്ക്രിയമാക്കി. ഭരണരംഗത്തെ നയരൂപവത്കരണങ്ങളും ഇതുസംബന്ധിച്ച് പാർട്ടിയിൽ ഉയരുന്ന വിയോജിപ്പുകളും രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവം അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.