മീഡിയ അക്കാദമി പുരസ്ക്കാരം പ്രഖ്യാപിച്ചു; ടെലിവിഷൻ അവാർഡ് മീഡിയ വണിലെ സുനിൽബേബിക്ക്

കൊച്ചി: കേരള മീഡിയ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. സുനിൽ ബേബിയുടെ 'പേറ്റ് വിലക്ക്' എന്ന റിപ്പോർട്ടിനാണ് മികച്ച ദൃശ്യ മാധ്യമ പ്രവർത്തനത്തിനുള്ള കേരള മീഡിയ അക്കാദമി പുരസ്‌കാരം ലഭിച്ചത്. മഹാരാഷ്ട്രയിൽ കരിമ്പ് കൃഷി ചെയ്യുന്ന സ്ത്രീ തൊഴിലാളികളെ യൗവനത്തിൽ പോലും ഗർഭപാത്രം നീക്കം ചെയ്യാൻ നിർബന്ധിതമാക്കുന്ന ചൂഷണം വ്യക്തമാക്കുന്ന അന്വേഷണാത്മക റിപ്പോർട്ടായിരുന്നു 'പേറ്റ് വിലക്ക്'. 25000/- രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം.

മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് മലയാളമനോരമയിലെ കെ ഹരികൃഷ്ണന്‍ അര്‍ഹനായി. ബില്‍ക്കിസ് : ഒരു യുദ്ധവിജയം എന്ന എഡിറ്റോറിയലാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് ദീപികയിലെ റിച്ചാര്‍ഡ് ജോസഫ് അര്‍ഹനായി. കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗവും ഇന്റര്‍നെറ്റ് അഡിക്ഷനും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ അവലോകനം ചെയ്യുന്ന സ്‌ക്രീനില്‍ കുടുങ്ങുന്ന കുട്ടികള്‍ എന്ന പരമ്പരയാണ് റിച്ചാര്‍ഡ് ജോസഫിനെ അവാര്‍ഡിനര്‍ഹനാക്കിയത്.

മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്‌റ്റോറിക്കുള്ള എന്‍. എന്‍. സത്യവ്രതന്‍ അവാര്‍ഡിന് മാതൃഭൂമി ദിനപത്രത്തിലെ നിലീന അത്തോളി അര്‍ഹയായി. സാക്ഷര കേരളത്തിലെ ഭര്‍തൃ ബലാത്സംഗങ്ങള്‍ എന്ന പരമ്പരയാണ് നിലീനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മാതൃഭൂമി നേമം ബ്യൂറോയിലെ ആര്‍.അനൂപ് അര്‍ഹനായി. കേരളത്തിലെ പ്രമുഖ ശുദ്ധജലതടാകങ്ങളിലൊന്നായ വെള്ളായണിക്കായല്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുളള വെള്ളായണിക്കായലിനെ കാക്കാം എന്ന റിപ്പോര്‍ട്ടാണ് അനൂപിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാര്‍ഡിന് മെട്രോവാര്‍ത്തയിലെ മനുഷെല്ലി അര്‍ഹനായി. വാരികുന്തമൊന്നും വേണ്ട ഇതിനൊക്കെ ചെരിപ്പു തന്നെ ധാരാളം എന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. സെലിബ്രേറ്റിംഗ് ഏജ് എന്ന ചിത്രമെടുത്ത ടൈംസ് ഓഫ് ഇന്ത്യയിലെ ദീപപ്രസാദ് പ്രോത്‌സാഹനസമ്മാനത്തിന് അര്‍ഹനായി.

വെള്ളിത്തിരയിലെ കുഞ്ഞു താരങ്ങള്‍ പ്രേക്ഷകര്‍ക്ക് സന്തോഷം പകരുമ്പോഴും കടുത്ത ബാലാവകാശങ്ങള്‍ നേരിടുന്നു എന്ന് ഓര്‍മ്മിപ്പിച്ച ന്യൂസ് 18 നിലെ നടി രോഹിണിയുമായുള്ള അഭിമുഖം നടത്തിയ ശരത്ചന്ദ്രൻ, ചെന്നെത്താന്‍ ബുദ്ധിമുട്ടുള്ള ഒരിടത്ത് സംഭവിച്ച ഒരു വലിയ ദുരന്തത്തിന്റെ ഗൗരവം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിച്ച , കവളപ്പാറ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്ത ,ഏഷ്യാനെറ്റിലെ സാനിയോ എന്നിവർ ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് അർഹരായി. 

Tags:    
News Summary - Media Academy Award announced; Television Award goes to Sunil Baby of Media One

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.