സുപ്രീംകോടതി

'ഭര്‍ത്താവിന്‍റെ സ്വത്തോ സംരക്ഷണമോ വേണ്ട'; വിവാഹ മോചനത്തിലെ അപൂർവ തീരുമാനത്തിന് ഭാര്യയെ പ്രശംസിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: വർഷങ്ങളായി നീണ്ട ദാമ്പത്യ തർക്കത്തിൽ അസാധാരണമായ തീരുമാനമെടുത്ത ഭാര്യയെ പ്രശംസിച്ച് സുപ്രീം കോടതി. ഭർത്താവിൽ നിന്നും ജീവനാംശമോ സംരക്ഷണ ചെലവോ ആവശ്യമില്ലെന്നും ഭർതൃവീട്ടിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ തിരികെ നൽകാൻ തയാറാവുകയും ചെയ്ത 'അപൂർവമായ ഒത്തുതീർപ്പാണിത്' എന്ന് കോടതി നിരീക്ഷിച്ചു. ഭാര്യ ഭര്‍ത്താവിനോട് ഒരു സാമ്പത്തിക ആവശ്യങ്ങളും ഉന്നയിക്കാത്തത് ഇത്തരം കേസുകളില്‍ അപൂര്‍വമാണെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.

ജസ്റ്റിസുമാരായ ജെ.ബി പർദിവാല, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച്, ഒത്തുതീർപ്പ് വ്യവസ്ഥകൾക്ക് ഇരു കക്ഷികളും സമ്മതം അറിയിച്ചതായി രേഖപ്പെടുത്തി. ഈ ദിവസങ്ങളിൽ കാണാൻ വളരെ പ്രയാസമുള്ള ഈ നല്ല മനസ്സിനെ ഞങ്ങൾ അഭിനന്ദിക്കുന്നുവെന്നും കോടതി പറഞ്ഞു.

ദമ്പതികള്‍ വിവാഹ മോചന കേസുമായി കോടതിയെ സമീപിച്ചപ്പോള്‍ മധ്യസ്ഥതാ കേന്ദ്രത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് ഒത്തുതീർപ്പുണ്ടായത്. തന്റെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണ വളകള്‍ ഭര്‍ത്താവിന്റെ അമ്മയുടേതായിരുന്നുവെന്ന് പറഞ്ഞ് അത് തിരികെ നല്‍കാന്‍ ഭാര്യ തയാറാവുകയുമായിരുന്നു.

ഭര്‍ത്താവില്‍ നിന്ന് ഭാര്യ ഒന്നും ആവശ്യപ്പെടാത്ത അപൂര്‍വ സന്ദര്‍ഭമാണിതെന്ന് ബെഞ്ച് തങ്ങളുടെ ഉത്തരവില്‍ എടുത്തുപറഞ്ഞു. 'ഈ അടുത്ത കാലത്ത് ഞങ്ങള്‍ കണ്ടുവരുന്ന അപൂര്‍വമായ ഒത്തുതീര്‍പ്പുകളില്‍ ഒന്നാണിത്. കാരണം ഭാര്യ ഭര്‍ത്താവില്‍ നിന്ന് ഒന്നും ആവശ്യപ്പെട്ടിട്ടില്ല', ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം സുപ്രീംകോടതി വിവാഹബന്ധം വേര്‍പെടുത്തിയിട്ടുണ്ട്. 

Tags:    
News Summary - 'I don't want my husband's property or protection'; Supreme Court praises wife for rare decision in divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.