കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് വിദ്യാർഥിനി വിഭാഗമായ ഹരിതയുടെ മുൻ സംസ്ഥാന നേതാക്കൾക്ക് തിളക്കമാർന്ന വിജയം. അഡ്വ. ഫാത്തിമ തഹ്‍ലിയ കോഴിക്കോട് കോർപറേഷനിലേക്കും അഡ്വ. നജ്മ തബ്ഷീറയെ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലേക്കും മുഫീദ തെസ്നി വയനാട് ജില്ല പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. തഹ്‍ലിയ 2,273 വോട്ടിന്‍റെയും നജ്മ 2,612 വോട്ടിന്‍റെയും മുഫീദ 5,710 വോട്ടിന്‍റെയും കൂറ്റൻ ഭൂരിപക്ഷത്തിലാണ് വിജയിച്ച് കയറിയത്.
കോഴിക്കോട് കോർപറേഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കുറ്റിച്ചിറ ഡിവിഷനിൽ നിന്നും ജനവിധി തേടിയ അഡ്വ. ഫാത്തിമ തഹ്ലിയ, കന്നി മത്സരത്തിലാണ് മിന്നും ജയം നേടിയത്. തഹ്ലിയ 2,273 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കുറ്റിച്ചിറയിൽ നിന്ന് ജയിച്ചുകയറിയത്. ഫാത്തിമ തഹ്‍ലിയ -3740, വി.പി. റഹിയാനത്ത് ടീച്ചർ-1467, ജീജ കെ-274, റഹിയാനത്ത് കെ.പി -122 എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ വോട്ട് നില. തഹ്ലിയയുടെ ഭൂരിപക്ഷം 2,273 വോട്ട്.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ പുതിയതായി രുപീകരിച്ച വലമ്പൂർ ഡിവിഷനിലാണ് ഇത്തവണ നജ്മ തബ്ഷീറ അങ്കത്തിനിറങ്ങിയത്. നജ്മ തബ്ഷീറ -6730, ഹേമ-4118, നീതു. കെ- 895 എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ വോട്ട് നില. നജ്മയുടെ ഭൂരിപക്ഷം 2612 വോട്ട്. നിലവിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗമായ നജ്മ, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ കൂടിയാണ്. ഇക്കുറി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനാർഥിയായാണ് നജ്മ മത്സരത്തിന് ഇറങ്ങിയത്.
വയനാട് ജില്ല പഞ്ചായത്തിൽ പുതിയ ഡിവിഷനായ തരുവണയിലാണ് മുഫീദ തെസ്നി ജനവിധി തേടിയത്. മുഫീദ തെസ്നി പി -13292, പി.എം. ആസ്യ ടീച്ചർ- 7582, വിജിഷ സജീവൻ-2627, സെഫീന -1339 എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ വോട്ട് നില. മുഫീദയുടെ ഭൂരിപക്ഷം 5710 വോട്ട്. മുഫീദ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു.
തഹ്‍ലിയയും മുഫീദയും ഹരിത മുൻ സംസ്ഥാന പ്രസിഡന്‍റും നജ്മ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. എം.എസ്.എഫ് ദേശീയ പ്രസിഡന്‍റായിരുന്ന തഹ്ലിയ നിലവിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. മുഫീദ യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റും നജ്മ യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.