ജനം പ്രബുദ്ധരാണ്; എത്ര ബഹളം വെച്ചാലും അവർ കേൾക്കും, കാണേണ്ടത് കാണും -രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിനു പിന്നാലെ ഫേസ്ബുക് പോസ്റ്റുമായി പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യുമെന്നും കാണേണ്ടത് കാണുമെന്നും രാഹുൽ കുറിച്ചു. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജില്ലാ പഞ്ചായത്തുകളിലും കോർപറേഷനുകളിലും പഞ്ചായത്തുകളിലും ഉൾപ്പെടെ മികച്ച മുന്നേറ്റമാണ് യു.ഡി.എഫ് കാഴ്ചവെക്കുന്നത്.

രാഹുലിന്‍റെ ഫേസ്ബുക് പോസ്റ്റ്

ജനം പ്രബുദ്ധരാണ്..
എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും…
എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യും….

പറ്റിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് ജനത്തിന് മനസിലായതിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പ്രതികരിച്ചു. ജനങ്ങളെ പറ്റിക്കാന്‍ നോക്കിയപ്പോള്‍ ജനം വൃത്തിയായി പിണറായിയെ പറ്റിച്ചുവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു മല്ലന്മാർക്കിടയിൽ തിരുവനന്തപുരത്ത് യു.ഡി.എഫിന് നന്നായി പിടിച്ചുനിൽക്കാൻ കഴിഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വിജയം നേടി. തിരുവനന്തപുരത്ത് ബി.ജെ.പിയുടെ വിജയം താൽക്കാലികമാണെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട കനത്ത തോൽവിക്ക് വോട്ടർമാ​രെ അധിക്ഷേപിച്ച് എം.എം. മണി എം.എൽ.എ രംഗത്തെത്തി. പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചവർ നന്ദികേട് കാണിച്ചതായി മണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ക്ഷേമ പെൻഷൻ വാങ്ങി ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് നൈമിഷിക വികാരത്തെ തുടർന്ന് എതിരായി വോട്ടുചെയ്തു. നന്ദികേട് കാണിച്ചു. ക്ഷേമപ്രവർത്തനം, റോഡ്, പാലം, വികസന പ്രവർത്തനങ്ങൾ എല്ലാം നടത്തി. ഇതുപോലെ ജനക്ഷേമ പരിപാടി കേരളത്തിന്‍റെ ചരിത്രത്തിൽ നടത്തിയിട്ടുണ്ടോ? ഇല്ലല്ലോ?

ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചവർ നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു എന്നാണ് എനിക്ക് തോന്നുന്നത്. നല്ല ഒന്നാന്തരം പെൻഷൻ വാങ്ങി, ഇഷ്ടം പോലെ തിന്നിട്ട് നേരെ എതി​രെ വോട്ടുചെയ്താൽ അതിന്റെ പേര് ഒരുമാതിരി പെറപ്പുകേട് എന്ന് പറയും. നിങ്ങൾ എനിക്ക് ശാപ്പാടും ചായയും മേടിച്ചു തന്നാൽ, അതിനൊരു മര്യാദ കാണിക്കണ്ടേ?’ -എം.എം. മണി ചോദിച്ചു. നേരത്തെയും നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ മണി നടത്തിയിട്ടുണ്ട്.

Tags:    
News Summary - Rahul Mamkootathil facebook post after UDF win in Local Body Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.