പത്തനംതിട്ട: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫും എൻ.ഡി.എയും ഏറ്റവും കൂടുതൽ പ്രചാരണവിഷയമാക്കിയത് ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയായിരുന്നു. എന്നാൽ, ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന റാന്നി-പെരുന്നാട് പഞ്ചായത്തിലെ വാർഡിൽ ഇക്കുറി എൽ.ഡി.എഫാണ് വിജയിച്ചത്. എൽ.ഡി.എഫിന്റെ പി.എസ് ഉത്തമനാണ് വാർഡിൽ നിന്നും ജയിച്ചത്.
വാർഡിലെ സി.പി.എം സ്ഥാനാർഥി പി.എസ്.ഉത്തമനും കോൺഗ്രസ് സ്ഥാനാർഥി അമ്പിളി സുജസിനും തുല്യവോട്ടാണ് ലഭിച്ചത്. തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ സി.പി.എം സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇവിടെ സി.പി.എം, കോൺഗ്രസ് സ്ഥാനാർഥികൾ 268 വോട്ട് വീതം നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർഥിക്ക് 232 വോട്ട് ലഭിച്ചു. ബി.ജെ.പിയിൽ നിന്നാണ് വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തത്.
ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന റാന്നി-പെരുന്നാട് പഞ്ചായത്തിലും എൽ.ഡി.എഫിന് തന്നെയാണ് ജയം. പത്ത് സീറ്റിൽ എൽ.ഡി.എഫ് ജയിച്ചപ്പോൾ മൂന്ന് വീതം സീറ്റുകളിൽ എൻ.ഡി.എയും യു.ഡി.എഫും ജയിച്ചു.
ശബരിമല ദ്വാരപാലക ശിൽപത്തിലും വാതിൽപ്പാളിയിലും സ്വർണംപൂശിയതിൽ അഴിമതി നടന്നുവെന്ന് ഹൈകോടതി നിരീക്ഷിച്ച പ്രത്യേക സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളായ എൻ.വാസവും എ.പത്മകുമാറും അറസ്റ്റിലാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.