തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ ഹാജരായില്ല; ‘കോടതിയിൽ നേരിടും’

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ സി.പി.എം നേതാവും മുൻ മന്ത്രിയുമായ ഡോ. തോമസ് ഐസക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഇന്നലെയും ഹാജരായില്ല. കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. കോടതി ഉത്തരവിട്ടതിന്‍റെ വിപരീതമായാണ് ഇ.ഡി സമൻസ് എന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ് അയച്ചത്.

ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിലൂടെ ധനസമാഹരണത്തിന് കിഫ്ബി മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നെന്ന സി.എ.ജി റിപ്പോർ‍ട്ടിന് പിന്നാലെയാണ് ഇ.ഡിയും ഫെമ ലംഘനത്തിൽ അന്വേഷണം തുടങ്ങിയത്. എന്തു ചെയ്യരുതെന്ന് കോടതി പറഞ്ഞുവോ അതിന്‍റെ അന്തസ്സത്തക്ക് വിരുദ്ധമാണ് പുതിയ സമൻസ് എന്ന് ചൂണ്ടിക്കാട്ടി വിശദമായ മറുപടി നൽകിയതായി അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

വീണ്ടും സമൻസ് അയക്കുകയാണെങ്കിൽ സംരക്ഷണത്തിന് കോടതിയെ സമീപിക്കും. മറ്റൊരു റോവിങ് അന്വേഷണത്തിനാണ് ഇ.ഡി തുനിയുന്നത്. ഇത് നിയമവിരുദ്ധവും കോടതിവിധിയുടെ ലംഘനവുമാണ്. ഇ.ഡിക്ക് കൊടുത്ത മറുപടിയിൽ സമൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതി നിർദേശിച്ചാൽ ഇ.ഡിക്കുമുന്നിൽ ഹാജരാകും. അല്ലാതെ, ഹാജരാകില്ല. കോടതിയെ മാനിക്കാത്ത നടപടിയാണ് ഇ.ഡിയുടേത്. കിഫ്ബിയുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ട് രണ്ടര വർഷമായി. ക്രമക്കേടുണ്ടെങ്കിൽ ഇ.ഡിക്ക് ഇടപെടാം. ക്രമക്കേട് കണ്ടെത്തുന്നതിനുവേണ്ടി ഇടപെടാൻ ഇ.ഡിക്ക് അവകാശമില്ലെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

ഇ.ഡി നേരത്തേ സമൻസ് അയച്ചപ്പോൾ തോമസ് ഐസക് ഹൈകോടതിയെ സമീപിച്ചിരുന്നു. ഇ.ഡി അയക്കുന്ന സമൻസുകൾ നിയമപരമല്ലെന്നായിരുന്നു ഐസക്കിന്‍റെ വാദം. കിഫ്ബിയും ഇതേ വിഷയത്തിൽ ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമൻസ് ഇ.ഡി പിൻവലിച്ചിരുന്നു. എന്തുചെയ്യാൻ പാടില്ലെന്ന് ഹൈകോടതി പറഞ്ഞോ, അതിന്‍റെ അന്തസ്സത്തക്ക് വിരുദ്ധമാണ് ഇ.ഡിയുടെ പുതിയ സമൻസെന്ന് തോമസ് ഐസക് ആരോപിച്ചു

Tags:    
News Summary - Masala bond case: Thomas Isaac skips ED summons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.