'മലമൂത്ര വിസർജനത്തിന് രാത്രിയാകാൻ കാത്തിരിക്കുന്നവരാണ് ഞങ്ങളുടെ സ്ത്രീകൾ; ഒരു കാന്താരി തൈ വെക്കാൻ പോലും ഇവിടെ ഇടമില്ല, വെള്ളമില്ല, വെളിച്ചമില്ല'

കോഴിക്കോട്: നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അതിദാരിദ്ര്യ വിമുക്ത കേരളം പ്രഹസനമാണെന്ന് ആദിവാസി വിഭാഗത്തിലെ ആദ്യ എം.ബി.എ ബിരുദധാരി മണിക്കുട്ടൻ.

മലമൂത്രവിസർജ്ജനം നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളോ കാന്താരി തൈ വെക്കാൻ പോലുമുള്ള ഭൂമിയോ, വെള്ളമോ വെളിച്ചമോ തങ്ങളുടെ ഊരുകളിളില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം കാണമെങ്കിൽ വകുപ്പ് മന്ത്രിക്ക് മറ്റെങ്ങോട്ടും പോകേണ്ടുന്ന ആവശ്യമില്ല. ഇതെല്ലാം മുന്നിൽക്കണ്ടിട്ടും ഒരു കോമാളിയെപ്പോലെ ഈ പ്രഹസനങ്ങൾക്കൊക്കെ വേണ്ടി നിന്ന് കൊടുക്കുകയാണെന്നും മണിക്കുട്ടൻ കുറ്റപ്പെടുത്തി.

കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള സമുദായത്തിനിടയിലാണ് താൻ പ്രവർത്തിക്കുന്നത്. അടിയ, പണിയ, കാട്ടുനായിക്ക, ഊരാളി , വെട്ടുകുറുമ പോലുള്ള വിഭാ​ഗമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. കേരള സർക്കാരിന്റെ കണക്കനുസരിച്ച് ആദിവാസി സമുദായത്തിലെ അഞ്ച് ശതമാനം ആളുകളാണ് അതിദരിദ്ര പട്ടികയിൽ ഉൾപ്പെടുന്നത്. എന്നാൽ, തങ്ങളുടെ പ്രദേശത്ത് സർക്കാർ സർവെ പോലും നടത്തിയിട്ടില്ലെന്നാണ് മണിക്കുട്ടൻ പറയുന്നത്.

മൂന്ന് സെൻ്റ് ഭൂമിയിലെ 400 സ്ക്വയർ ഫീറ്റ് വീട്ടിൽ 10-11 അംഗങ്ങളാണ് തിങ്ങിപ്പാർക്കുന്നത്.ഇത്തരത്തിലുള്ള അഞ്ച് വീടുകളാണ് ഒരു ഊരിലുണ്ടാവുക. ഓരോ കുടുംബത്തിനും ഒരു റേഷൻകാർഡ് മാത്രമാണുണ്ടാവുക. എങ്ങനെ നോക്കിയാലും ഒരു കുടുംബത്തിലേക്ക് 30 കിലോയിൽ കൂടുതൽ അരി ലഭിക്കില്ല. കുടുംബങ്ങൾക്കിത് രണ്ടാഴ്ചത്തേക്ക് പോലും തികഞ്ഞെന്ന് വരില്ല. എന്നാൽ ഒരു മാസം വരെ ആ അരി ഉപയോ​ഗിച്ച് തള്ളിനീക്കാൻ കുടുംബങ്ങൾ ശ്രമിക്കും.

ഗർഭിണികളായ പെൺകുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിക്കുന്നതിനെക്കുറിച്ച് വിലയിരുത്താൻ പഠനങ്ങൾ നടത്തിയെങ്കിലും അതിന്റെ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ‘ദാരിദ്ര്യമില്ലെന്ന്’ പ്രഖ്യാപിക്കുമ്പോൾ റേഷൻ വെട്ടിച്ചുരുക്കാനുള്ള സാധ്യത ഗുരുതരമായ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.

പണിയ സമുദായത്തിലുൾപ്പെട്ട 95 ശതമാനം കുടുംബങ്ങൾക്കും സ്വന്തമായി ഭൂമിയില്ലെന്നും മണിക്കുട്ടൻ പറഞ്ഞു. 

Tags:    
News Summary - Manikuttan, the first MBA graduate from the tribal community, says the CM's announcement of Kerala being free from extreme poverty is a farce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.