കോട്ടയം: ജോസ് കെ. മാണിക്ക് ഇപ്പോൾ തോന്നുന്നുണ്ടാവും ഇടക്കാലത്ത് കിട്ടിയ വിവാദത്തിന്‍റെ കച്ചിത്തുരുമ്പിൽ പിടിച്ച് രക്ഷപ്പെട്ടാൽ മതിയായിരുന്നുവെന്ന്. എന്തു ചെയ്യാൻ, മൂന്നാമൂഴം സ്വപ്നംകണ്ട റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും ചേർന്ന് പാലം വലിക്കുകയായിരുന്നല്ലോ. മന്ത്രിയും ചീഫ് വിപ്പുമടക്കം മത്സരിച്ച 12 സീറ്റിലും പാർട്ടിക്ക് സമ്പൂർണ പരാജയം.
52 വർഷം സാക്ഷാൽ മാണി സാർ മാണിക്യം പോലെ കാത്ത പാലായിൽ തുടർച്ചയായ രണ്ടാം പരാജയം മാത്രമല്ല, കേരള കോൺഗ്രസ് അധ്യക്ഷൻ നേരിടുന്നത്. പിതാവ് കൊണ്ടുനടന്ന പാർട്ടി കേരള രാഷ്ട്രീയത്തിൽനിന്ന് പൂർണമായി മാഞ്ഞുപോകുന്നതിന് സാക്ഷിയാകുന്നുവെന്നത് കൂടിയാണ്. 2021ൽ 12 സീറ്റിൽ മത്സരിച്ച് അഞ്ച് സീറ്റും ഒരു മന്ത്രിസ്ഥാനവും നേടിയ പാർട്ടിക്ക് ഇക്കുറി ഒരാളെ പോലും സഭയിലെത്തിക്കാനായില്ലെന്നത് പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാവുന്നു. ഇതോടെ കേരളകോൺഗ്രസിന്‍റെ ചിഹ്നമായ രണ്ടിലക്ക് ദ്രുതവാട്ടം സംഭവിച്ചിരിക്കുകയാണ്.
ഏക മന്ത്രിക്ക് ഇടുക്കിയിൽ 23,822 വോട്ടിന്‍റെ വമ്പൻ തോൽവി. ഏത് കൊടുങ്കാറ്റിലും ഉലയില്ലെന്ന് കരുതിയ കാഞ്ഞിരപ്പള്ളിയിൽ ചീഫ് വിപ്പായിരുന്ന എൻ. ജയരാജിന് 5,772 വോട്ടിന്‍റെ തോൽവി. ഇത് രണ്ടുമാകും പാലായിലെ സ്വന്തം തട്ടകത്തിലെ 2,991 വോട്ടിന്‍റെ തോൽവിയേക്കാൾ ചെയർമാൻ ജോസ് കെ. മാണിയെ ഞെട്ടിക്കുന്നത്. സെബാസ്റ്റ്യൻ കളത്തുങ്കൽ (പൂഞ്ഞാർ), അഡ്വ. ജോബ് മൈക്കിൾ (ചങ്ങനാശ്ശേരി), അഡ്വ. പ്രമോദ് നാരായണൻ (റാന്നി) എന്നീ സിറ്റിങ് എം.എൽ.എമാരും ദയനീയ തോൽവി ഏറ്റുവാങ്ങി. കടുത്തുരുത്തി (നിർമല ജിമ്മി), തൊടുപുഴ (സിറിയക് ചാഴികാടൻ), പിറവം (സാബു കെ. ജേക്കബ്), പെരുമ്പാവൂർ (ബേസിൽ പോൾ), ചാലക്കുടി (അഡ്വ. ബിജു ചിറയത്ത്), ഇരിക്കൂർ (മാത്യു കുന്നപ്പള്ളി) എന്നീ മണ്ഡലങ്ങളിൽ ഒന്നിലും ശക്തമായ മത്സരം പോലും കാഴ്ചവെക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല.
കേരള കോൺഗ്രസ്-എമ്മിൽ ഒരുപക്ഷേ, ഈ തിരിച്ചടി മുൻകൂട്ടി കണ്ടയാൾ ചെയർമാൻ ജോസ് കെ. മാണി തന്നെയായിരിക്കണം. അതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ മുന്നണിയിൽനിന്ന് ചാടുന്നതിന്‍റെ സൂചനകൾ ജോസ് കെ. മാണി നൽകിയത്. എന്നാൽ, ആ സാധ്യത അടച്ച് ചെയർമാനെ പിന്തിരിപ്പിച്ചത് പാർട്ടിയുടെ ഏകമന്ത്രി റോഷി അഗസ്റ്റിനും റാന്നി എം.എൽ.എ പ്രമോദ് നാരായണനും ചേർന്നായിരുന്നു. പിണറായിയുടെ മിടുക്കിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് കരുതിയാവണം റോഷിയും പ്രമോദും വഴിമുടക്കിയത്. അതേസമയം, കേരള കോൺഗ്രസ് ജോസഫ് വിഭാഗം എട്ടിൽ ഏഴ് സീറ്റിലും വിജയിച്ച് ഇനി കേരള കോൺഗ്രസെന്നാൽ തങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയും ചെയ്തു. സഭയുടെ പിന്തുണയും ജോസ് കെ. മാണിയെ കൈവിട്ട് ജോസഫിനെ പിടിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.