മാനേജ്മെന്‍റ് നിലപാട് തട്ടിപ്പ്; വരുമാനമുണ്ടായിട്ടും ശമ്പളം നൽകാതെ കെ.എസ്.ആർ.ടി.സി

കോട്ടയം: ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള വരുമാനം കെ.എസ്.ആർ.ടി.സിക്ക് കിട്ടുന്നില്ലെന്ന മാനേജ്മെന്‍റ് നിലപാട് തട്ടിപ്പാണെന്ന് കണക്കുകൾ.സർക്കാറിൽനിന്ന് പ്രതിമാസം കിട്ടുന്ന ധനസഹായമായ 50 കോടിയാണ് ശമ്പളത്തിന് പ്രധാനമായും ഉപയോഗിക്കുന്നതെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. ഇത് എല്ലാ മാസവും 10ാം തീയതി കഴിഞ്ഞാണ് കിട്ടുന്നത്. എന്നാൽ, എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം നൽകണമെന്ന് ഹൈകോടതി വിധിയുള്ളതിനാൽ ഗഡുക്കളായി ശമ്പളം നൽകേണ്ടി വരുന്നു എന്നും മാനേജ്മെന്‍റ് പറയുന്നു. അതായത് സർക്കാർ സഹായം വൈകുന്നതാണ് ശമ്പള വിതരണം അനിശ്ചിതത്വത്തിലാക്കുന്നതെന്നാണ് വാദം.

കെ.എസ്.ആർ.ടി.സിയുടെ പ്രതിമാസ വരവുചെലവ് കണക്കുകൾ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നു. 2023 ജനുവരി 22 മുതൽ 2023 ഫെബ്രുവരി 21 വരെയുള്ള ഒരു മാസത്തെ വരുമാനം 194.91 കോടിയായിരുന്നു. ശരാശരി പ്രതിദിന വരുമാനം 6.29 കോടി. ശബരിമല തീർഥാടനത്തിന്‍റെ ആദ്യഘട്ടമായ 2022 നവംബർ 14 മുതൽ 2022 ഡിസംബർ 14 വരെയുള്ള വരുമാനമാകട്ടെ 214.30 കോടിയും. ശരാശരി പ്രതിദിന വരുമാനം 6.913 കോടി. ശബരിമല തീർഥാടനവും ക്രിസ്മസ് അവധിയും ചേരുന്ന 2022 ഡിസംബർ 14 മുതൽ 2023 ജനുവരി 13 വരെയുള്ള വരുമാനം 227.23 കോടിയായിരുന്നു.

പ്രതിദിന ശരാശരി വരുമാനം 7.33 കോടി രൂപ. ഇവയുടെ ശരാശരി എടുത്താൽ 6.84 കോടി. പ്രതിമാസ വരുമാനം 212 കോടി. കോർപറേഷന്‍റെ കണക്കുകൾ പ്രകാരം പ്രതിമാസ ചെലവുകൾ ഇങ്ങനെയാണ്. ഡീസൽ 98 കോടി, ശമ്പളം 84 കോടി, ടയർ, സ്പെയർ പാർട്സ് 10 കോടി, വൈദ്യുതി, വെള്ളം, ടോൾ, ഇൻഷുറൻസ് 11കോടി. മറ്റ് ചെലവുകൾ 10 കോടി. ഇതനുസരിച്ച് ആകെ നടത്തിപ്പ് ചെലവ് 213 കോടി.

ഇതുകൂടാതെ പെൻഷന് 75 കോടിയും വായ്പ തിരിച്ചടവിനും പലിശക്കുമായി 31 കോടിയും വേണം. അതായത് പ്രതിദിനം എല്ലുമുറിയെ ജോലിയെടുക്കുന്ന ഡ്രൈവർക്കും കണ്ടക്ടർക്കും എല്ലാമാസവും അഞ്ചിന് മുമ്പ് ശമ്പളം നൽകാൻ അവർ കൊണ്ടുവരുന്ന 212 കോടി മതിയാകും. ജീവനക്കാരുടെ ശമ്പളത്തിന് ഏറ്റവും കുറഞ്ഞ പരിഗണന നൽകുന്ന മാനേജ്മെന്‍റ് നിലപാടാണ് ജീവനക്കാരെ പട്ടിണിയിലാക്കുന്നത്.ഇക്കാര്യം മനസ്സിലാക്കാതെയാണ് കെ.എസ്.ആർ.ടി.സിക്ക് കിട്ടുന്ന വരുമാനം മുഴുവൻ ശമ്പളത്തിനായി കൊടുത്താൽ വണ്ടി ഓടിക്കാനാവില്ലെന്ന് ഗതാഗതമന്ത്രിയും കെട്ടുകാര്യസ്ഥതക്ക് പണമൊഴുക്കുന്നത് പൊതുമേഖല സംരക്ഷണമല്ലെന്ന് മുഖ്യമന്ത്രിയും നേരത്തേ നിലപാടെടുത്തത്. 

Tags:    
News Summary - management position is fraud; KSRTC not paying salary despite income

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.