ചെറുതോണി (ഇടുക്കി): മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അച്ഛനും മകനും കണ്ടുമുട്ടി. കൃഷിയിൽ വൻ നഷ്ടം സംഭവിച്ച് നാട്ടുവിട്ടതായിരുന്നു മകൻ. മകനെ തേടിയിറങ്ങിയ അച്ഛനാകട്ടെ ചെന്നെത്തിയത് സമനിലതെറ്റി പടമുഖം സ്നേഹമന്ദിരം അനാഥാലയത്തിലും. മാനസിക വിഭ്രാന്തിയുള്ള മകനെത്തിയതും സ്ഥാപനത്തിനടുത്ത പ്രദേശത്ത്. ഝാർഖണ്ഡ് സ്വദേശികളായ ഷാനിലാൽ ടുഡുവിെൻറയും മകൻ നരേഷിെൻറയും വികാരനിർഭര കൂടിക്കാഴ്ചക്കാണ് സ്നേഹമന്ദിരത്തിലെ അന്തേവാസികൾ കഴിഞ്ഞദിവസം സാക്ഷികളായത്.
സിനിമ കഥയെ വെല്ലുന്നതാണ് ഇവരുടെ ജീവിതം. ഒരുമാസം മുമ്പ് തങ്കമണി കാൽവരിമൗണ്ട് ഡബിൾകട്ടിങ് റോഡിലൂടെ അലഞ്ഞുനടന്ന ടുഡുവിനെ മോഷ്ടാവെന്നുകരുതി നാട്ടുകാർ ഇടുക്കി തങ്കമണി പൊലീസിൽ ഏൽപിച്ചു. തുടർന്ന് മാനസിക വിഭ്രാന്തിയുണ്ടെന്നുകണ്ട് പൊലീസ്, പടമുഖം സ്നേഹമന്ദിരത്തിൽ ഇദ്ദേഹത്തെ എത്തിച്ചു. ഈ വാർത്ത ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
ഝാർഖണ്ഡിലെ ചന്ദുബന്ദ് നിവാസിയാണ് ടുഡു. ഇദ്ദേഹത്തിെൻറ ഭാര്യ ഷോബിന അസ്ത, മക്കൾ: രാജേഷ്, നരേഷ്, നിർമ. ഈ കുടുംബം പാട്ടത്തിന് സ്ഥലമെടുത്ത് നെൽകൃഷിയും ഉരുളക്കിഴങ്ങ് കൃഷിയും നടത്തിവന്നു. കഴിഞ്ഞ കൃഷിയിലെ കടുത്ത സാമ്പത്തിക നഷ്ടത്തെ ത്തുടർന്ന് ഇദ്ദേഹം കടുത്ത വിഷാദരോഗിയായി. കടബാധ്യതയെത്തുർന്ന് മകൻ നരേഷ് ജോലിതേടി ഇടുക്കിയിലെത്തി. കട്ടപ്പന പുളിയന്മല ഏലത്തോട്ടത്തിൽ കൂലിപ്പണിക്കായി ചേർന്നു. മാസങ്ങളായിട്ടും മകനെ കാണാത്തതിനെത്തുടർന്നാണ് ടുഡു വീടുവിട്ടിറങ്ങിയത്.
സ്നേഹമന്ദിരത്തിൽ പിതാവുണ്ടെന്ന പത്രവാർത്ത കണ്ട കട്ടപ്പന സ്വദേശി തെൻറ സ്ഥലത്ത് ജോലിചെയ്യുന്ന നരേഷിനെ പത്രത്തിൽ വന്ന ഫോട്ടോയും വാർത്തയും കാണിച്ചു. പിതാവിനെ തിരിച്ചറിഞ്ഞ മകൻ സ്നേഹമന്ദിരത്തിൽ എത്തി പിതാവിനെ കണ്ടുമുട്ടി. തെൻറ പിതാവിനെ സംരക്ഷിക്കാനും ചികിത്സിക്കാനും തയാറായ സ്നേഹമന്ദിരം അധികൃതർക്കും മൂലമറ്റം ബിഷപ് വയലിൽ ആശുപത്രിയിൽ പിതാവിനെ ചികിത്സിച്ച ഡോക്ടർമാർക്കും സിസ്റ്റർമാർക്കും നന്ദിപറഞ്ഞ നരേഷ് കഴിഞ്ഞദിവസം പട്ന എക്സ്പ്രസിൽ എറണാകുളത്തുനിന്ന് പിതാവുമായി സ്വദേശമായ ഝാർഖണ്ഡിലെ ചന്ദുബന്ദ് ഗ്രാമത്തിലേക്ക് മടങ്ങി. മടങ്ങുന്നതിനുമുമ്പ് എല്ലാ സഹായങ്ങളും നൽകിയ ഇടുക്കി എം.പി ജോയിസ് ജോർജിനും സ്നേഹമന്ദിരം ഡയറക്ടർ ബ്രദർ വി.സി. രാജുവിനും നന്ദിപറയാനും മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.