മരിച്ച മങ്കട സ്വദേശിനിയുടെ നിപ ഫലം പോസിറ്റീവ്; പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ ക്വാറന്റീനിൽ

കോഴിക്കോട്: അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് ബാധമൂലമെന്ന് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ ക്വാറന്റീനിലാണ്.

ജൂൺ 28നാണ് 18കാരിയെ അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ജൂലൈ ഒന്നിന് മരണം സംഭവിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. സാമ്പിൾ മെഡിക്കൽ കോളജിലെ ലെവൽ ടു ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റിവ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് സാമ്പിൾ പുണെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചതായാണ് ആരോഗ്യ പ്രവർത്തകരിൽനിന്ന് ലഭിക്കുന്ന വിവരം. പുണെയിൽനിന്നുള്ള ഫലം ഇന്ന് ലഭിക്കും. പുണെയിലെ ലെവൽ 3 വൈറോളജി ലാബിലെ പരിശോധനക്ക് ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണമാവൂ.

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് വെന്റിലേറ്ററിലാണ് രോഗിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നത്. അതിനിടെ മസ്തിഷ്‍കമരണം സംഭവിച്ചു. ഇതിൽ സംശയം തോന്നിയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡി. ​​കോളജിലേക്ക് അയച്ചത്.

2018ലാണ് കേരളത്തിൽ ആദ്യമായി കോഴിക്കോട് പേരാമ്പ്രയിൽ നിപ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് കേരളത്തിൽ പലയിടങ്ങളിൽ നിപ സ്ഥിരീകരിക്കുകയും മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. കേരളത്തിൽ ഇതുവരെ 25 പേർ നിപ ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കുപ്രകാരം ഇത് 28 ആണ്.

അതിനിടെ, നിപ രോഗലക്ഷണങ്ങളുള്ള മണ്ണാർക്കാട് സ്വദേശിനി പാലക്കാട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ സാമ്പിളും കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ പരിശോധയിൽ പോസിറ്റിവ് ആയതിനെ തുടർന്ന് പുണെയിലേക്ക് അയച്ചിരിക്കുകയാണ്.

Tags:    
News Summary - malappuram Mankada native suspected of Nipah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.