മലപ്പുറം ഗവ.കോളജിലെ മോഷണം; എസ്.എഫ്.ഐ യുണിറ്റ് സെക്രട്ടറിയും കെ.എസ്.യു പ്രസിഡന്റുമുൾപ്പടെ ഏഴ് പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം ഗവ. കോളജില്‍നിന്ന് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണംപോയ സംഭവത്തിൽ ഏഴു വിദ്യാർഥികൾ അറസ്റ്റിൽ. പിടിയിലായവരിൽ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും കെ.എസ്.യു യൂനിറ്റ് പ്രസിഡന്‍റും ഉൾപ്പെടും. എസ്.എഫ്.ഐ ഗവ. കോളജ് യൂനിറ്റ് സെക്രട്ടറിയും തലശ്ശേരി സ്വദേശിയുമായ വിക്ടർ ജോൺസൺ, കമ്മിറ്റി അംഗങ്ങളായ നന്മണ്ട സ്വദേശി ആദർശ് രവി, പുല്ലാര സ്വദേശി നീരജ് ലാൽ, മഞ്ചേരി സ്വദേശി അഭിഷേക്, കെ.എസ്.യു യൂനിറ്റ് പ്രസിഡന്‍റ് അരീക്കോട് സ്വദേശി ആത്തിഫ് റഹ്മാൻ, പാണ്ടിക്കാട് സ്വദേശി ജിബിൻ, പന്തല്ലൂർ സ്വദേശി ഷാലിൻ ശശിധരൻ എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കോളജിൽനിന്ന് ഒരു ലക്ഷത്തോളം രൂപ വിലയുള്ള 11 ഇൻവെർട്ടർ ബാറ്ററി മോഷണം പോയ സംഭവത്തിലാണ് അറസ്റ്റ്.

ജൂലൈ നാലിന് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോളജിലെ ഇസ്ലാമിക് ഹിസ്റ്ററി, ഉർദു, കെമിസ്ട്രി ഡിപ്പാര്‍ട്മെന്‍റുകളിലാണ് മോഷണം നടന്നത്.

ജൂണ്‍ 27, 30, ജൂലൈ രണ്ട് തീയതികളിലായാണ് മോഷണം നടന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 11 ബാറ്ററികളില്‍ ആറെണ്ണം പ്രവര്‍ത്തിക്കുന്നതും അഞ്ചെണ്ണം പ്രവര്‍ത്തന രഹിതവുമാണ്.

ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനരഹിതമായ ബാറ്ററികളാണ് മോഷ്ടിച്ചത്. പിന്നീട് മറ്റുള്ളവയും മോഷ്ടിച്ചു. ഇവ മുണ്ടുപറമ്പ്, കാവുങ്ങല്‍ എന്നിവിടങ്ങളിലെ ആക്രിക്കടകളില്‍ വില്‍പന നടത്തി. ഈ ആക്രിക്കടയിൽനിന്ന് മോഷണമുതലുകൾ പൊലീസ് കണ്ടെടുത്തു. കോളജില്‍ നടത്തിയ ഇന്‍റേണല്‍ ഓഡിറ്റിങ്ങിലാണ് വിവരം കോളജ് അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി. അതേസമയം, അറസ്റ്റിലായ വിക്ടർ ജോൺസൺ, ആദർശ് രവി, നീരജ് ലാൽ, അഭിഷേക് എന്നിവരെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി എസ്.എഫ്.ഐ അറിയിച്ചു.

Tags:    
News Summary - Malappuram Govt college Theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.