പ്രധാന മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കോർപറേറ്റ് സ്ഥാപനങ്ങൾ -വീണാ ജോർജ്

തൃശൂർ: മാധ്യമപ്രവർത്തന രംഗത്ത് അനാരോഗ്യകരമായ മത്സരം ശക്തമായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വാർത്തകൾ വാണിജ്യ ഉൽപന്നത്തിന്റെ തലത്തിലേക്ക് മാറുകയാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനം നിലനിൽക്കേണ്ടത് അനിവാര്യമാണ്. ഇതിന് എല്ലാ കോണുകളിൽനിന്നും പിന്തുണ വേണം. എന്നാൽ, സ്വതന്ത്രമായി നിലനിൽക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങൾ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും തൃശൂർ പ്രസ് ക്ലബിന്റെ ടി.വി. അച്യുത വാര്യർ പുരസ്കാരം സമ്മാനിച്ച് സംസാരിക്കവെ മന്ത്രി പറഞ്ഞു.

രാജ്യത്തെ പ്രധാന മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കോർപറേറ്റ് സ്ഥാപനങ്ങളാണ്. സർക്കാറിന്‍റെ പല നയരൂപവത്കരണങ്ങളെയും സ്വാധീനിക്കാൻ ഇവരു​ടെ ഇടപെടൽ ഉണ്ടാകുന്നുണ്ട്. അതിനാൽ, കാർഷികനയങ്ങൾ കർഷകർക്കും തൊഴിൽ നയങ്ങൾ തൊഴിലാളികൾക്കുമെതിരെയാവുകയും സാമ്പത്തിക നയങ്ങൾ കോർപറേറ്റുകൾക്ക് ഗുണകരമാവുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നു. പരിസ്ഥിതിയെയും മനുഷ്യാവകാശങ്ങളെയും സംരക്ഷിക്കാൻ അച്യുതവാര്യരെപ്പോലുള്ള മുന്‍ഗാമികളെടുത്ത ധീരനിലപാടുകള്‍ വര്‍ത്തമാനകാല മാധ്യമപ്രവര്‍ത്തനത്തിന്റെ അവലോകനത്തിനും ശരിയായ ദിശയിലേക്കുള്ള മുന്നോട്ടുപോക്കിനും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങള്‍ കാണേണ്ടത് കാണാതിരിക്കുകയും കേള്‍ക്കേണ്ടത് കേള്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന വര്‍ത്തമാന ദുരന്തത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ടി.എന്‍. പ്രതാപന്‍ എം.പി പറഞ്ഞു.

Tags:    
News Summary - Major media are controlled by corporate entities says Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT