ചാലക്കുടി: നോർത്ത് ജങ്ഷനിൽ ഊക്കൻസ് ഗ്രൂപ്പിന്റെ പെയിന്റ് ഗോഡൗണിൽ വൻ തീപിടിത്തം. അഞ്ചു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിങ്കളാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ ജീവനക്കാരടക്കം ആർക്കും അപായമൊന്നും സംഭവിച്ചില്ല. കോംപ്ലക്സിനു പിന്നിലെ ഗോഡൗണിൽ ടിന്നറും പെയിന്റും മറ്റും സൂക്ഷിച്ച ഭാഗത്താണ് വൻ തീപിടിത്തമുണ്ടായത്.
എളുപ്പത്തിൽ തീപിടിക്കുന്ന സാധനസാമഗ്രികളിൽ തീ ആളിപ്പടരുകയായിരുന്നു. നൂറുകണക്കിന് ലിറ്റർ പെയിൻറും ടിന്നറുമൊക്കെ പൊട്ടിത്തെറിച്ച് കത്തിനശിച്ചു. കനത്ത മഴയിലും അണയാതെ തീനാളങ്ങളും പുകയും ഉയർന്നത് പരിസരത്തെങ്ങും ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ചു.
കോംപ്ലക്സിന് മറ്റു ഭാഗങ്ങളിലേക്കും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും തീ പടരുമോയെന്ന ആശങ്ക ഉയർന്നിരുന്നു. അഗ്നിരക്ഷാസേനയുടെ പത്തോളം യൂനിറ്റുകൾ മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ചാലക്കുടി മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളും മറ്റു പൊതുജനങ്ങളുമെത്തി കടയിലെ സാധനങ്ങൾ നീക്കിയതും തീ പടരാതിരിക്കാൻ സഹായിച്ചു.
ചാലക്കുടിയുടെ ഹൃദയഭാഗത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഊക്കൻസ് ഗ്രൂപ്പിന്റെ വ്യാപാരസമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. പ്രധാനമായും ഫർണിച്ചർ വിഭാഗം, ഗ്ലാസ്-പ്ലൈവുഡ് വിഭാഗം, പെയിൻറ് വിഭാഗം എന്നിങ്ങനെയാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഏറ്റവും പിന്നിലെ പെയിന്റ് വിഭാഗത്തിന്റെ ഗോഡൗണിലായിരുന്നു തീപിടിത്തം. വൈദ്യുതി സർക്യൂട്ടിലെ തകരാറാകണം കാരണമെന്നാണ് സൂചന.
രാവിലെ 8.30ഓടെ ജീവനക്കാർ കട തുറന്ന് മെയിൻ സ്വിച്ച് ഓൺ ആക്കിയതോടെയാണ് തീ പ്രത്യക്ഷപ്പെട്ടത്. എന്തെങ്കിലും ചെയ്യാൻ കഴിയുംമുമ്പ് പടരുകയായിരുന്നു. കരിയും പുകയും പരന്നതോടെ ആർക്കും അവിടെ നിൽക്കാനാകാത്ത ഭീകര സാഹചര്യമായി. ടിന്നറും പെയിൻറും അടങ്ങുന്ന കന്നാസുകളും പാട്ടകളും വലിയ ശബ്ദത്തോടെ തുടർച്ചയായി പൊട്ടിത്തെറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.