അൻവർഷാ, സരിത 

ബൈക്കിലെത്തി മാല പൊട്ടിച്ച സംഭവം; രക്ഷപ്പെട്ട പ്രതി‍യും അറസ്റ്റിൽ

അടൂർ: ബൈക്കിലെത്തി കമിതാക്കൾ മാല പൊട്ടിച്ച കേസിൽ രക്ഷപെട്ട പ്രധാന പ്രതി പിടിയിലായി. ആലപ്പുഴ കായംകുളം പേരിങ്ങല മാരൂർതറ പടീറ്റതിൽ മുഹമ്മദ് അൻവർഷാ(24)യാണ് അടൂർ പൊലീസിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതി ആലപ്പുഴ കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കൽ കോളനിയിൽ ശിവജി വിലാസം വീട്ടിൽ സരിത(27)യെ സംഭവം നടന്ന ഉടനെതന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

വെള്ളിയാഴ്ച രാത്രി എട്ടരക്ക് പതിനാലാം മൈലിൽ കട നടത്തുന്ന പെരിങ്ങനാട് സ്വദേശി തങ്കപ്പ(61)ന്‍റെ അഞ്ചു പവൻ തൂക്കം വരുന്ന മാലയാണ് അൻവർഷായും സരിതയും ബൈക്കിലെത്തി പൊട്ടിച്ചെടുത്തത്. തങ്കപ്പനും മോഷ്ടാക്കളുമായി പിടിവലിയുണ്ടായി. ബഹളം കേട്ടെത്തിയ നാട്ടുകാർ സരിതയെ തടഞ്ഞു വെക്കുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.

പൊട്ടിച്ചെടുത്ത സ്വർണമാല സരിതയിൽ നിന്നും പൊലീസ് കണ്ടെടുത്തു. ഇരുവരും സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതിലധികം മോഷണ കേസുകളിൽ പ്രതികളാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അൻവർഷായെ നാട്ടുകാരും പൊലീസും തെരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.

പൊലീസ് പ്രത്യേകസംഘമുണ്ടാക്കി നടത്തിയ അന്വേഷണത്തിലാണ് 24 മണിക്കൂറിനുള്ളിൽ പ്രധാന പ്രതിയെയും അറസ്റ്റ് ചെയ്തത്. കായംകുളം കറ്റാനത്ത് ഇയാൾ ഒളിവിൽ താമസിക്കുന്ന സ്ഥലത്ത് ശനിയാഴ്ച രാത്രി പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. പിന്നാലെ പാഞ്ഞ പൊലീസ് കിലോമീറ്ററുകൾ പിന്തുടർന്ന ശേഷം കൈപ്പട്ടൂർ ജങ്ഷനു സമീപം സാഹസികമായി പ്രതിയെ കീഴടക്കുകയായിരുന്നു. അടൂർ എസ്.ഐ എം. മനീഷ്, സി.പി.ഒമാരായ സൂരജ് ആർ. കുറുപ്പ്, എം.ആർ. മനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മാർച്ചിൽ തെങ്ങമം കോണത്ത് കാവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം നടത്തിയതും ഇവരാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇവർ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - main accused in chain snatching case arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.