തിരുവനന്തപുരം: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ജില്ല ഘടകങ്ങളുടെ ശിപാർശപട്ടികയിൽ എം. സ്വരാജ്, എം.എം. മണി അടക്കമുള്ളവരുടെ പേരുകളിൽ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ വെട്ട്. തൃപ്പൂണിത്തുറ സീറ്റ് മുൻനിർത്തി എറണാകുളം ജില്ലയിൽനിന്നും ഒപ്പം പൊന്നാനി സീറ്റ് നിർദേശിച്ച് മലപ്പുറം ജില്ലയിൽനിന്നുമാണ് സ്വരാജിന്‍റെ പേരുണ്ടായിരുന്നത്. എന്നാൽ, സ്വരാജ് മത്സരിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം.
സെക്രട്ടറിയേറ്റംഗങ്ങളിൽ അധികപേരും മത്സരിക്കുന്ന സാഹചര്യത്തിൽ സംഘടന ഉത്തരവാദിത്തങ്ങളുടെ പേരിലാണ് സ്വരാജിനെ മത്സരിപ്പിക്കാത്തതെന്നാണ് വിവരം. നിലവിൽ സെക്രട്ടറിയേറ്റ് അംഗമായ സ്വരാജിന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി സെന്റർ കേന്ദ്രീകരിച്ചുള്ള പ്രധാന ഉത്തരവാദിത്തങ്ങൾ നൽകാൻ സാധ്യതയുണ്ട്. തൃപ്പൂണിത്തുറയിലേക്ക് നിലവിലെ വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ എത്തുമെന്നാണ് വിവരം.
ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കാൻ ഇടുക്കിയിൽനിന്ന് എം.എം. മണിയുടെ പേര് സംസ്ഥാന നേതൃത്വത്തിന്‍റെ പരിഗണനക്കെത്തി. എന്നാൽ, മണിക്ക് പകരം ഇടുക്കിയിൽനിന്ന് തന്നെയുള്ള സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ജയചന്ദ്രൻ മത്സരിക്കട്ടെയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട്. ഉടുമ്പൻചോല സി.പി.എമ്മിനെ സംബന്ധിച്ച് ഉറച്ച മണ്ഡലമാണ്. അതിനാൽ ടേം വ്യവസ്ഥകളിൽ ഇളവ് നൽകി വീണ്ടും മത്സരിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. എം.എം. മണിയുടെ ആരോഗ്യപ്രശ്നങ്ങളാണ് മറ്റൊന്ന്. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ജില്ല കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. കുന്നംകുളത്തുനിന്ന് എ.സി. മൊയ്തീന്‍റെ പേരും തൃശൂരിൽനിന്നുള്ള പട്ടികയിലുണ്ടായിരുന്നെങ്കിലും പരിഗണിച്ചിട്ടില്ല. തോമസ് ഐസക്, ജി. സുധാകരൻ, ഇ.പി. ജയരാജൻ എന്നിവരുടെ പേരുകൾ ചർച്ചയിൽ ഉയർന്നെങ്കിലും ഇവരും രംഗത്തുണ്ടാകില്ല.
അതേസമയം, ഇതിൽനിന്ന് വ്യത്യസ്തമായ സമീപനങ്ങളും സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയിയെ ടേം വ്യവസ്ഥകളിൽ ഇളവ് നൽകി വർക്കലയിൽ മത്സരിപ്പിക്കുന്നതിൽ സംസ്ഥാന സെക്രട്ടറിയേറ്റ് കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നില്ല. പകരം തീരുമാനം ജില്ല സെക്രട്ടറിയേറ്റിന് വിട്ടു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ജില്ല സെക്രട്ടറിയേറ്റ് യോഗം, ജോയിയെ മാറ്റിനിർത്തുന്നത് മണ്ഡലത്തിലെ ജയസാധ്യതയെ ബാധിക്കുമെന്നതിനാൽ മത്സരത്തിന് അനുവാദം നൽകുകയായിരുന്നു. പകരം ജില്ല സെക്രട്ടറിയുടെ ചുമതല എ.എ. റഹീം എം.പിക്ക് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.