ഗൂഡല്ലൂർ: മറ്റു നഗരങ്ങളിൽനിന്ന് നീലഗിരിയിലേക്ക് എത്ര വാഹനങ്ങൾ കടത്തിവിടാം എന്നതിനെക്കുറിച്ച് ബംഗളൂരു ഐ.ഐ.എം നടത്തുന്ന പഠനം അവസാന ഘട്ടത്തിൽ. സുഖകരമായ കാലാവസ്ഥ ആസ്വദിക്കാൻ എല്ലാ വർഷവും ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ നീലഗിരി ജില്ല സന്ദർശിക്കുന്നുണ്ട്. പ്രത്യേകിച്ച് വേനൽക്കാലത്ത്. ഏപ്രിൽ, മേയ് മാസങ്ങളിൽ ഊട്ടി സന്ദർശിക്കുന്നവരുടെ എണ്ണം കുത്തനെ വർധിക്കാറുണ്ട്.
ഊട്ടിയിലേക്ക് ദിവസവും 20,000 വാഹനങ്ങൾ വരുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഊട്ടി, കൊടൈക്കനാൽ കേന്ദ്രങ്ങളിലേക്ക് എത്ര വാഹനങ്ങൾക്ക് അനുമതി നൽകാമെന്നത് സംബന്ധിച്ച് ചെന്നൈ ഐ.ഐ.ടിയും ബംഗളൂരു ഐ.ഐ.എമ്മും പഠനം നടത്തുമെന്ന് സർക്കാർ 2024 ഏപ്രിലിൽ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രകൃതി ജൈവവൈവിധ്യവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിന് നീലഗിരി, കൊടൈക്കനാൽ പ്രദേശങ്ങളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് നിയന്ത്രിക്കണമെന്ന കേസിൽ വാദം കേൾക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ഊട്ടി, കൊടൈക്കനാലിലേക്ക് ഇ-പാസ് സംവിധാനം നടപ്പിലാക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പ്രദേശവാസികളുടെ വാഹനങ്ങളെ ഇ-പാസിൽ ഉൾപ്പെടുത്തരുതെന്നും ഉത്തരവിൽ നിർദേശിച്ചു.നീലഗിരിയിലേക്ക് പ്രവൃത്തിദിവസങ്ങളിൽ 6000 വാഹനങ്ങളും വാരാന്ത്യങ്ങളിൽ 8000 വാഹനങ്ങളും മാത്രമേ കടത്തിവിടാവൂവെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഇതേതുടർന്ന് കഴിഞ്ഞ വർഷം മുതലാണ് നീലഗിരിയിൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.