വാളാരംകുന്ന് പുനരധിവാസ പദ്ധതിയിൽ പണിപൂർത്തിയായ വീടുകൾ. ഇതോടൊപ്പം തുടങ്ങിയ മിക്ക വീടുകളുടെയും പണി ഇഴയുകയാണ്
വെള്ളമുണ്ട: എട്ട് വർഷമായിട്ടും പൂർത്തിയാവാത്ത ആദിവാസി പുനരധിവാസ പദ്ധതിയിൽ ട്രൈബൽ വകുപ്പിന്റെ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് പരാതി ഉയരുന്നു. വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിലെ പുനരധിവാസ പദ്ധതികൾ ഇപ്പോഴും എങ്ങുമെത്താതെ ഇഴയുകയാണ്. വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന് ആദിവാസി ഉന്നതിയിലെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി റവന്യു വകുപ്പ് പട്ടികവര്‍ഗ വികസന വകുപ്പിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ പണി പൂര്‍ത്തിയായ 27 വീടുകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നിരുന്നു. നിർമിതി കേന്ദ്ര ഏറ്റെടുത്ത 27 വീടുകളാണ് ഇപ്പോള്‍ പണി പൂര്‍ത്തിയായിട്ടുള്ളത്. 30 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 17 കുടുംബങ്ങള്‍ക്ക് ഇനിയും മാറ്റിപ്പാര്‍പ്പിക്കാന്‍ ഭൂമി കണ്ടെത്തണം
2018ലും 2019 ലുമുണ്ടായ കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടലും മറ്റുമുണ്ടായതിനെതുടര്‍ന്ന് നടത്തിയ പരിശോധനയെ തുടർന്നാണ് അപകട മേഖലയിലുള്ള ആദിവാസി കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകിയത്. വെള്ളമുണ്ട പഞ്ചായത്തിൽ 81 കുടുംബങ്ങളെയാണ് പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പദ്ധതി തുടങ്ങി എട്ട് വർഷം പൂർത്തിയാകുമ്പോൾ പദ്ധതി ഇരു പഞ്ചായത്തിലും എങ്ങുമെത്തിയിട്ടില്ല
തൊണ്ടർനാട് പഞ്ചായത്തിലെ പദ്ധതിയിൽ വലിയ ക്രമക്കേടുകളുള്ളതായി ആരോപണമുണ്ട്. വീടുകൾക്ക് അനുവദിച്ച പണം കൈപറ്റി കരാറുകാരൻ മുങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഒരന്വേഷണം പോലും ഉണ്ടായിട്ടില്ല. റവന്യു വകുപ്പിനു കീഴിൽ ആവിഷ്‌കരിച്ച പദ്ധതി രണ്ടുതരത്തിലാണ് നടപ്പാക്കിയത്. ഒന്ന്, വകുപ്പ് നേരിട്ട് ഇടപെട്ട് സ്ഥലം കണ്ടെത്തി വീടുനിർമിച്ചു നൽകും. രണ്ട്, ഗുണഭോക്താവിന് നേരിട്ട് പണം നൽകി അവർ വീട് നിർമിക്കുന്ന രീതി.
ഗുണഭോക്താക്കളിൽ പലരും വീട് നിർമാണം കരാറുകാരനെ ഏൽപിച്ചു ഘട്ടംഘട്ടമായി പണം അനുവദിക്കേണ്ടതിനു പകരം വില്ലേജ് ഓഫിസർമാർ മുഴുവൻ പണവും ഒറ്റ ഘഡുവായി നൽകിയതാണ് ക്രമക്കേടിന് ഇടയാക്കിയത്. തറപോലും നിർമിക്കാതെ മുഴുവൻ പണവും അനുവദിച്ചതായി തൊണ്ടർനാട് പ്രദേശത്തെ സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പണം വാങ്ങിയവർ വീട് നിർമാണം നടത്തിയോയെന്ന പരിശോധന ഉണ്ടായില്ല.
ട്രൈബൽ വകുപ്പും കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. വെള്ളമുണ്ട പഞ്ചായത്തിലും പണംവാങ്ങി നിർമാണം പൂർത്തിയാക്കാത്ത അവസ്ഥയുണ്ട്. പദ്ധതിയിൽ കോടികളുടെ ക്രമക്കേട് നടന്നതായ ആരോപണവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.