കെല്ലൂർ ടൗണിലെ റോഡിലെ കുഴികൾ
മലയോര ഹൈവേ പ്രവൃത്തി ഇഴയുന്നു; കെല്ലൂർ ടൗണിൽ കുഴികൾ
മാനന്തവാടി: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തി വൈകുന്നതിനാൽ കെല്ലൂര്‍ ടൗണിലെ റോഡിലടക്കം കുഴികളായി. ഇത് അപകടഭീഷണി ഉയര്‍ത്തുന്നു.
റോഡില്‍ പരന്നുകിടക്കുന്ന മെറ്റലുകളും മണലും റോഡരികിലുള്ളവര്ക്കും ബൈക്ക് യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ്. മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി നാലുവര്‍ഷംമുമ്പ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആരംഭിച്ച പ്രവൃത്തി എങ്ങുമെത്താത്തതാണ് വിനയായി മാറിയത്.
ജില്ലയിലെ പ്രധാനപാതകളിലൊന്നായ കല്പറ്റ-മാനന്തവാടി റോഡില്‍ നാലുവര്‍ഷം മുമ്പാണ് പച്ചിലക്കാട്-ബോയ്സ് ടൗണ്‍ മലയോര ഹൈവേ നിര്‍മാണം ആരംഭിച്ചത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി റോഡുപണി ആരംഭിച്ചപ്പോള്‍ വേഗത്തിലും ഗുണനിലവാരത്തിലും നിര്‍മാണം പൂര്‍ത്തിയാകുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍, വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും റോഡിന്റെ പലഭാഗങ്ങളിലും അപകടകരമാംവിധം പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. അത്തരത്തിലുപേക്ഷിച്ച കെല്ലൂര്‍ ടൗണിലെ ഭാഗത്ത് അപകടം പതിവായി. കാരക്കാമലയിലേക്ക് പോകുന്ന ഭാഗത്താണ് പണിപൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചത്.
ഇവിടെനിന്ന് റോഡിലെ കല്ലു തെറിച്ച് കച്ചവടക്കാര്‍ക്കും റോഡിലെ മണലില്‍ തെന്നി ബൈക്ക് യാത്രക്കാര്‍ക്കും പരിക്കേല്‍ക്കുന്നുണ്ട്. മഴക്കാലത്ത് ചെളിശല്യവും വേനലില്‍ പൊടിശല്യവും രൂക്ഷമാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണിപൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ വടകര ഓഫിസിന് മുന്നില്‍ സമരം നടത്താനൊരുങ്ങുകയാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.