സി.​കെ. കാ​സിം എം.​എ​ൽ.​എ മാ​മ്പൊ​യി​ൽ പ്ര​ദേ​ശ​ം സ​ന്ദ​ർ​ശ​ിക്കുന്നു

കുറ്റിപ്പാല-പമ്പ് ഹൗസ്-മാമ്പൊയിൽ റോഡ് എം.എൽ.എ സന്ദർശിച്ചു; രണ്ടാഴ്ചക്കകം പ്രവൃത്തി ആരംഭിക്കുമെന്ന് വാട്ടർ അതോറിറ്റി

മുക്കം: നഗരസഭയിലെ കുറ്റിപ്പാല-പമ്പ് ഹൗസ്-മാമ്പൊയിൽ റോഡിൽ സി.കെ. കാസിം എം.എൽ.എ സന്ദർശനം നടത്തി. എല്ലാവർക്കും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അമൃത് 2 പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചതോടെ സുരക്ഷിതമായ യാത്ര മാർഗമില്ലാതെ നൂറിലധികം കുടുംബങ്ങൾ ദുരിതമനുഭവിക്കുന്ന വാർത്ത കഴിഞ്ഞ ദിവസം മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എ സന്ദർശനം നടത്തിയത്.

സ്ഥലത്തെത്തിയ എം.എൽ.എ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറെ ഫോണിൽ ബന്ധപ്പെട്ട് പ്രദേശവാസികളുടെ പ്രയാസം ബോധ്യപ്പെടുത്തുകയും ഉടൻ പ്രശ്ന പരിഹാരം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് രണ്ടാഴ്ചക്കകം പ്രവൃത്തിയാരംഭിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി എം.എൽ.എ പറഞ്ഞു.

എട്ട് മാസം മുമ്പ് പൊളിച്ചിട്ട റോഡിൽ ഓരോ ദിവസം കഴിയുംതോറും അപകട സാധ്യത വർധിച്ചു വരികയാണ്. നിലവിൽ ഇരുചക്രവാഹനങ്ങൾ അടക്കം മറിഞ്ഞ് അപകടം നിത്യ സംഭവമാണിവിടെ.

പുഴയോരം റസിഡൻസ് ഭാരവാഹികൾ നിരവധി തവണ പരാതി അറിയിച്ചിട്ടും വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡായതിനാൽ മെയിൽ റോഡിൽ എന്തെങ്കിലും തരത്തിൽ ഗതാഗത തടസ്സമുണ്ടായാൽ യാത്രക്കാർ ബൈപാസായി ഉപയോഗിക്കുന്ന റോഡുകൂടിയാണിത്. 700 മീറ്റർ നീളത്തിൽ നാല് മീറ്റർ വീതിയിലുള്ള റോഡ് പല ഭാഗത്തും മുഴുവനായും ചില സ്ഥലങ്ങളിൽ പകുതിയിലധികം ഭാഗവും വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എം.എൽ.എ സ്ഥലം സന്ദർശിച്ചത്.

ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളും ജീവനക്കാരും താമസിക്കുന്ന ഫ്ലാറ്റുകൾ ഉൾപ്പെടെ ഈ ഭാഗത്തുണ്ട്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പ്രഭാത സവാരിക്കായി ഉണ്ടായിരുന്നെങ്കിലും റോഡിലെ അപകടാവസ്ഥ മൂലം നിർത്തിവെച്ചിരിക്കുകയാണ്. എം.എൽ.എക്കൊപ്പം വാർഡ് കൗൺസിലർ സുഹറ വഹാബ്, യു.ഡി.എഫ് നേതാക്കളായ ഒ.കെ. ബൈജു, ലെറിൻ റാഹത്ത് തുടങ്ങിയവരും ഉണ്ടായിരുന്നു

Tags:    
News Summary - MLA visits Kuttippala-Pump House-Mampoyil road; Water Authority says work will begin within two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.