വെള്ളമുണ്ട: കോൺക്രീറ്റ് റോഡിൽ നിർമിച്ച കൂരകളിൽ ഒരുവിധ പ്രാഥമിക സൗകര്യവുമില്ലാതെ ജീവിക്കുന്ന തരുവണ നടക്കലിലെ കൂവണ കോളനിക്കാരുടെ പുനരധിവാസം ഇഴയുന്നു. 2018ലെ പ്രളയകാലത്ത് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ച ആദിവാസി കുടുംബങ്ങൾക്ക് ഇന്നും പ്രാഥമിക സൗകര്യം പോലുമില്ല. കോവിഡ് കാലത്ത് 72 പേരിൽ 68 പേർക്കും കോവിഡ് പോസിറ്റീവായ കോളനിക്കാരുടെ ദുരിതം ശുചിമുറി ഇല്ലാത്തതിന്റെ പേരിലാണ് അധികൃതരടക്കം ശ്രദ്ധിച്ചത്. ജില്ല ഭരണകൂടമടക്കം നേരിട്ട് ഇടപെട്ട് എത്രയും വേഗം മുഴുവൻ കുടുംബങ്ങളെയും മാറ്റി പ്പാർപ്പിക്കാൻ 2018ൽതന്നെ തീരുമാനമെടുത്തിരുന്നു. എന്നാൽ, നാല് വർഷങ്ങൾക്കിപ്പുറവും ഇവരുടെ പ്രയാസങ്ങൾക്ക് ഒരു മാറ്റവുമില്ല. ചോദിക്കാനും പറയാനും ആരുമില്ലാത്ത പാവങ്ങൾ തങ്ങളുടേതായ ലോകത്തിൽ സ്വയം ഒതുങ്ങിക്കൂടി ദുരിതജീവിതം നയിക്കുകയാണ്.
2018ൽ ഉണ്ടായ പ്രളയത്തിൽ മാറ്റിപ്പാർപ്പിക്കപ്പെട്ട 15 കുടുംബങ്ങൾ കോളനിയിലേക്കുള്ള കോൺക്രീറ്റ് റോഡിൽ സർക്കാർ സംവിധാനം ഒരുക്കിയ ഷീറ്റ് മേഞ്ഞ താൽകാലിക ഷെൽറ്ററുകളിലാണ് ഇപ്പോഴും താമസിക്കുന്നത്. എല്ലാവർക്കുമായി രണ്ട് അടുപ്പുകൾ മാത്രമാണുള്ളത്. സമീപത്തെ രണ്ട് വീടുകളിൽ മാത്രമാണ് ശൗചാലയമുണ്ടായിരുന്നത്. താൽകാലികമായൊരുക്കിയ ശുചിമുറികളും ഇപ്പോൾ ഉപയോഗശൂന്യമാണ്. ഒറ്റമുറി ഷെഡിലാണ് ഊണ് മുറിയും കിടപ്പുമുറിയും പഠനമുറിയും വിറകുപുരയും എല്ലാം. തീവണ്ടിയുടെ വാഗണുകൾ പോലെ തോന്നിക്കുന്ന നിർമിതി. 15 കുടുംബങ്ങളായി താമസിക്കുന്ന അമ്പതിലതികം വരുന്ന ഈ പാവങ്ങൾക്ക് പ്രാഥമികാവശ്യത്തിന് ഒരു പൊതു ശുചിമുറി പോലുമില്ല. കോളനിയിൽ നിന്നും 17 കുട്ടികൾ സ്കൂളുകളിൽ പോകുന്നുണ്ട്.
കൂവണ കോളനിനിവാസികൾ ഉൾപ്പെടെ 44 കുടുംബങ്ങൾക്ക് 10 സെന്റ് സ്ഥലം വീതം നൽകാൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കണ്ടെത്തിയ നാലേമുക്കാൽ ഏക്കർ സ്ഥലം റവന്യൂ, പട്ടിക വർഗ വകുപ്പുകളുടെ ഇടപെടലിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി കുടുംബങ്ങൾക്ക് വിതരണം ചെയ്യുകയും വീട് നിർമാണം തുടങ്ങുകയും ചെയ്തിരുന്നു. നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഫണ്ടും പദ്ധതികളുമെല്ലാം എത്തിയിട്ടും നിർമാണം ഇഴയുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ബാക്കിയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.