കൃഷി മന്ത്രി ടി. സിദ്ദീഖിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗം

കള്ളാടി ദുരന്തം; മൂന്നു ദിവസത്തിനകം മണ്ണ് മാറ്റാൻ നിർദേശം നൽകി :മന്ത്രി ടി. സിദ്ദീഖ്

കൽപറ്റ: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ രൂപപ്പെട്ട മണ്ണ് മൂന്നു ദിവസത്തിനകം മാറ്റാൻ കമ്പനിക്ക് നിർദേശം നൽകിയതായി കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീഖ്. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തിൽ റോഡിന് ഇരുവശങ്ങളിലേക്ക് ഇടിഞ്ഞ മണ്ണ്, കൂട്ടിയിട്ട മണ്ണ് എന്നിവ മാറ്റാനാണ് കമ്പനിക്ക് നിർദേശം നൽകിയത്.

അതേസമയം അപകടമേഖലയിൽ പരിശോധന നടത്താൻ വിദഗ്ധ സമിതി ഇന്ന് ജില്ലയിലെത്തും. വിദഗ്ധ സമിതി എത്തിയ ശേഷം മേഖലയിലെ മണ്ണ് പരിശോധിച്ച് ഏത് രീതിയിൽ, ഏത് സമയത്ത്, എവിടെ നിന്നും മണ്ണ് നീക്കം ചെയ്യണം, സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ആശ്വാസ ധനസഹായമായി സർക്കാർ രണ്ടു ലക്ഷം രൂപയും കമ്പനി രണ്ടര ലക്ഷം രൂപയും അനുവദിക്കും. ക്രിട്ടിക്കൽ കെയർ യൂനിറ്റിൽ ചികിത്സയിലുള്ള മൂന്നുപേർക്ക് കമ്പനി അധിക തുക നൽകും. അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര-സ്ഥിരമായ സാമ്പത്തിക സഹായം നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ 10 ദിവസത്തിനകം തുക അക്കൗണ്ടുകളിലേക്ക് നൽകാൻ നിർദേശം നൽകി.

ചൂരൽമലയിൽ നിന്നും മേപ്പാടി ഭാഗങ്ങളിലെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികളെ എത്തിക്കുന്നതിന് സ്കൂൾ ബസ്, കെ.എസ്.ആർ.ടി.സി സൗകര്യം ഉറപ്പാക്കും. ഇതിനുപുറമെ ചൂരൽമല ഭാഗത്ത് നിന്ന് ജീപ്പ് സർവിസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ മീനാക്ഷിപുഴയുടെ ഇരു വശങ്ങളിലും ചെക്ക് പോസ്റ്റ് ആരംഭിക്കും. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ആളുകളെ സുരക്ഷിതമായി കടത്തിവിടുന്നതിന് അഗ്നിരക്ഷ സേന - പൊലീസ് ഉദ്യോഗസ്ഥർ, കമ്പനി പ്രതിനിധികളെ ചുമതലപ്പെടുത്തി.

മണ്ണിടിച്ചിലിൽ മീനാക്ഷി പാലത്തിനു താഴെ ഭാഗത്തുള്ള വീട് ഭാഗികമായി തകർന്നതിനാൽ ഉടമസ്ഥർക്ക് പകരം വീട് കണ്ടെത്താൻ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ ചുമതലപ്പെടുത്തി. മഴ ശക്തമാവുന്ന സാഹചര്യങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പദ്ധതി തയാറാക്കി സമർപ്പിക്കാൻ പഞ്ചായത്ത് ഭരണ സമിതിക്ക് നിർദേശം നൽകി. ദുരന്തത്തെ തുടർന്ന് ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഒരാഴ്ചത്തേക്ക് സൗജന്യ റേഷൻ നൽകും.

അപകടത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ കുടിവെള്ളം തടസ്സപ്പെട്ട സാഹചര്യത്തിൽ ഭൂജല വകുപ്പിനോട് പ്രദേശത്ത് ആവശ്യമായ പരിശോധന നടത്താനും കുഴൽ കിണർ, അനുബന്ധ സൗകര്യങ്ങൾ ഉറപ്പാക്കുന്നത് വരെ വാട്ടർ അതോറിറ്റി മുഖേന പ്രദേശത്തേക്ക് വെള്ളം ലഭ്യമാക്കുന്നതിന് കൃത്യമായ ഏകോപനം നടത്താൻ പഞ്ചായത്തിനും മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. മീനാക്ഷി പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് കൈവരികൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. പുഴയുടെ നവീകരണ പ്രവൃത്തികൾ നടത്താൻ ജലസേചന വകുപ്പിന് ചുമതല നൽകി.

കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, എ.ഡി.എം കെ. അജീഷ്, സബ് കലക്ടർ അതുൽ സാഗർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Kallady disaster; Instructions given to remove soil within three days: Minister T. Siddique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.