കവുങ്ങ് കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കൃഷിമന്ത്രി ടി. സിദ്ദീഖിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനതല യോഗം
കൽപറ്റ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടക്ക കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കാർഷിക വിദഗ്ധരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന ജില്ലതല ടാസ്ക് ഫോഴ്സുകൾ രൂപവത്കരിക്കാൻ തീരുമാനം. കൃഷിമന്ത്രി ടി. സിദ്ദീഖിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. മഞ്ഞളിപ്പ്, കുമിൾ രോഗം എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങൾ കാരണം പല ജില്ലകളിലും അടക്ക കൃഷിയുടെ ഉൽപാദന ക്ഷമത നാലിലൊന്നായി കുറഞ്ഞ സാഹചര്യം ഗൗരവതരമായാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും ചില തെക്കൻ ജില്ലകളിലും അടക്ക കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
വിളവ് കുറയുന്നതിന്റെയും രോഗബാധയുടെയും കാരണം പ്രത്യേകമായി കണ്ടെത്തി പരിഹാരം കാണാനാണ് ഓരോ ജില്ലകളിലും ടാസ്ക് ഫോഴ്സ് രൂപവത്കരിക്കുന്നത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ കാർഷിക സർവകലാശാല, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച് എന്നിവയിൽ നിന്നുള്ള ശാസ്ത്രജ്ഞരും കാർഷിക വിദഗ്ധരും ടാസ്ക് ഫോഴ്സിലുണ്ടാകും. മൂന്നാഴ്ചക്കകം ജില്ലകളിൽ വിശദമായ പഠനം നടത്തി കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം കണ്ടെത്താനാണ് നിർദേശിച്ചിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം, മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റം, വളപ്രയോഗത്തിലും കീടനാശിനി ഉപയോഗത്തിലും സംഭവിക്കുന്ന പ്രശ്നങ്ങൾ, രോഗപ്രതിരോധ ശേഷിയുള്ള വിത്തിനങ്ങളുടെ ഉപയോഗം, നിലവിൽ രോഗം ബാധിച്ച കവുങ്ങുകൾക്ക് സാധ്യമാവുന്ന പ്രതിരോധ മാർഗങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ജില്ലതല ടാസ്ക് ഫോഴ്സുകൾ പരിശോധിക്കും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ പാക്കേജുകളും പദ്ധതികളും സംയോജിപ്പിച്ച് അടക്ക കൃഷിക്ക് സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ചും തദ്ദേശ സ്വയംഭരണ വകുപ്പുമായി ഉൾപ്പെടെ സഹകരിച്ച് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും റിപ്പോർട്ട് തയാറാക്കും.
ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിച്ച് കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുമാണ് ലക്ഷ്യമിടുന്നതെന്ന് കൃഷിമന്ത്രി ടി. സിദ്ദീഖ് അറിയിച്ചു. പല ജില്ലകളിലും അടക്ക കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടത്താത്തത് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.
രോഗപ്രതിരോധ നടപടികൾ ഒരുമേഖലയിൽ ഒന്നാകെയായി മാത്രമേ സാധ്യമാകൂ എന്നുള്ളതിനാൽ ഓരോ പ്രദേശത്തെയും കർഷകരെ ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ രൂപവത്കരിക്കുന്നതിനെക്കുറിച്ചും ജില്ലതല ടാസ്ക് ഫോഴ്സ് റിപ്പോർട്ട് തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു. കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, വിവിധ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫിസർമാർ, കാർഷിക സർവകലാശാലയിൽ നിന്നും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൽ നിന്നുമുള്ള വിദഗ്ദർ, കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.
കൽപറ്റ: കൃഷിമന്ത്രി ടി. സിദ്ദീഖ് കലക്ടറേറ്റിലെ ജില്ല കൃഷി ഓഫിസ് സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ രാജി വർഗീസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മന്ത്രിയെ സ്വീകരിച്ചു. ജില്ലയിലെ കൃഷി സംബന്ധമായ വിവരങ്ങളും കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയും ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു. കൃഷി വകുപ്പിന് കീഴിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ജില്ലയിലെ പുരോഗതിയും മന്ത്രി വിലയിരുത്തി.
കാർഷിക മേഖലയിൽ ദീർഘകാലത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടെന്നും ഉദ്യോഗസ്ഥരുടെയും മറ്റ് വിദഗ്ധരുടെയും സമയവും പ്രാഗത്ഭ്യവും ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പിന് കീഴിൽ മാർക്കറ്റിങ് - ബിസിനസ് യൂനിറ്റുകൾ ആരംഭിക്കുമെന്നും നിലവിലുള്ള ഫാമുകളുടെ സമഗ്ര നവീകരണത്തിനൊപ്പം ഫാം ടൂറിസം ഉൾപ്പെടെയുള്ള പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.