ചുരം ബൈപാസ്; റോഡ് വെട്ടൽ സമരത്തിന് ഒരുങ്ങി ആക്ഷൻ കമ്മിറ്റി
വൈത്തിരി: വയനാട് ചുരത്തിന് ബൈപാസ് റോഡായി കണ്ടെത്തിയ നിർദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ് നിർമാണത്തിൽ അധികൃതരുടെ അനാസ്ഥക്കെതിരെ ജനകീയ സമരവുമായി ആക്ഷൻ കമ്മിറ്റി.
നിർദിഷ്ട പാതക്കുവേണ്ടി കണ്ടെത്തിയ വനഭൂമിയിലൂടെ ജനകീയ പങ്കാളിത്തത്തോടെ വയനാട് ചുരം ആക്ഷൻ കമ്മിറ്റി റോഡ് വെട്ടിത്തെളിക്കും.
ഫെബ്രുവരി 27ന് രാഷ്ട്രീയ, സാമൂഹിക സംഘടനകളുമായി ഒത്തുചേർന്ന് തളിപ്പുഴയിൽനിന്നും തുടങ്ങുന്ന റോഡ് വെട്ടൽ സമരത്തിൽ വിവിധ നേതാക്കൾ സംബന്ധിക്കും.
ഇതിന്റെ മുന്നോടിയായി പ്രാദേശികതലത്തിൽ ജനകീയ കൺവെൻഷനുകളും പ്രചാരണ ജാഥകളും സംഘടിപ്പിക്കും. 50 വർഷത്തോളം പഴക്കമുള്ള ബൈപാസ് റോഡിന്റെ ആവശ്യകതയിൽ ജനപ്രതിനിധികൾ കാണിക്കുന്ന അലംഭാവത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. തളിപ്പുഴയിൽ ചേർന്ന കൂടിയാലോചനാ യോഗത്തിൽ കമ്മിറ്റി പ്രസിഡന്റ് വി.കെ. ഉസൈൻ കുട്ടി അധ്യക്ഷത വഹിച്ചു.
ജോണി പാറ്റാനി (വയനാട് ചേംബർ ഓഫ് കോമേഴ്സ്), മൊയ്തു മുട്ടായി (ചുരം സംരക്ഷണ സമിതി), സെയ്ത് തളിപ്പുഴ (വയനാട് ടൂറിസം അസോസിയേഷൻ), കമ്മിറ്റി ഭാരവാഹികളായ ടി.ആർ.ഒ. കുട്ടൻ, പി.സി. തോമസ്, പി.കെ. സുകുമാരൻ, ഷാജഹാൻ, കെ.എ. വർഗീസ്, ജസ്റ്റിൻ ജോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.