ക​ബ​നി ന​ദി​യി​ൽ ബൈ​ര​ക്കു​പ്പ പാ​ല​ത്തി​നാ​യു​ള്ള ഭാ​ഗം

32 വർഷത്തെ കാത്തിരിപ്പിന് വിരാമം; ബൈരക്കുപ്പ പാലത്തിന് കേന്ദ്രാനുമതി

പുൽപള്ളി: കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കബനിക്ക് കുറുകെ വിഭാവനംചെയ്ത ബൈരക്കുപ്പ പാലം നിർമാണത്തിന് കേന്ദ്രാനുമതി. തറക്കല്ലിട്ട് 32 വർഷത്തിനൊടുവിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പച്ചക്കൊടി കാണിച്ചത്. പലാം നിർമാണത്തിന് കേന്ദ്രത്തിന്റെ സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി 27 കോടി രൂപ അനുവദിച്ചു. 40 കോടിയുടെ പദ്ധതിയാണ് കേരള സർക്കാർ ആദ്യം സമർപ്പിച്ചത്. എന്നാൽ, ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ 27 കോടിയുടെ പരിഷ്കരിച്ച പദ്ധതി രൂപരേഖ തയ്യാറാക്കി സമർപ്പിക്കുകയും അതിന് അനുമതി ലഭിക്കുകയുമായിരുന്നു.

കേന്ദ്ര അടിസ്ഥാന റോഡ് വികസന ഫണ്ടിൽ നിന്നാണ് തുക. കേന്ദ്ര മാർഗനിർദേശങ്ങൾ പാലിച്ച് കേരള സർക്കാറിന്റെ ഉത്തരവാദിത്തത്തിൽ നിർമാണം നടത്തണം. കർണാടക സർക്കാരും കേന്ദ്രത്തിന് താൽപര്യപത്രം നൽകിയിരുന്നു. സാമ്പത്തിക ബാധ്യതകളൊന്നും കർണാടക വഹിക്കില്ല. അപ്രോച്ച് റോഡ് നിർമാണത്തിന് ഇരുഭാഗത്തും വേണ്ട സ്ഥലമെടുപ്പ്, നിർമാണം, മേൽനോട്ടം, അറ്റകുറ്റപ്പണികൾ എല്ലാം കേരള പൊതുമരാമത്ത് വകുപ്പ് വഹിക്കണം. ഈ വ്യവസ്ഥകൾ അംഗീകരിച്ചാണ് മരാമത്ത് വകുപ്പ് മുന്നോട്ട് പോകുന്നത്.

1994 സെപ്റ്റംബർ 24നാണ് കേരള-കർണാടക മുഖ്യമന്ത്രിമാർ ചേർന്ന് കബനിക്ക് കുറുകെ പാലത്തിന് തറക്കല്ലിട്ടത്. പിന്നീട് വിവിധ കാരണങ്ങളാൽ നിർമാണം ആരംഭിക്കാനായില്ല. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ഇടപെടലാണ് പാലത്തിന് അനുകൂല സാഹചര്യമൊരുക്കിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് അവർ പെരിക്കല്ലൂരിലെത്തി സ്ഥലം സന്ദർശിച്ചിരുന്നു. പിന്നീട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ കണ്ട് പാലം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന പൊതുമരാമത്ത് മന്ത്രിയും ഇക്കാര്യത്തിൽ ഇടപെടൽ ശക്തമാക്കി. മരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ഉൾപ്പെട്ട സംഘം അടുത്തിടെ പെരിക്കല്ലൂർ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു. 

Tags:    
News Summary - Kerala-Karnataka Border Bridge: Centre Clears Bairakuppa Project After 32 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.