കൽപറ്റ: പൊലീസിന്റെ നിരീക്ഷണത്തോടൊപ്പം ജനങ്ങളുടെ ജാഗ്രതയും കൂടിയായപ്പോൾ ജില്ലയിൽ വാഹനാപകടങ്ങൾ കുറഞ്ഞു. എ.ഐ കാമറകൾ എല്ലാ നിയമലംഘനങ്ങളും ഒപ്പിയെടുക്കുന്നതും ഏറെ പ്രയോജനകരമായി. റോഡ് നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്നു പരിശോധിക്കാൻ മോട്ടർ വാഹന വകുപ്പും പൊലീസും തമ്മിൽ കൃത്യമായ ഏകോപനം ഉണ്ടായതും അപകടങ്ങൾ കുറയാൻ കാരണമായി.
ജില്ലയിൽ ഏതു ഭാഗത്താണു നിയമലംഘനങ്ങൾ കൂടുതലായി ഉണ്ടാകുന്നതെന്ന കണക്ക് മോട്ടർ വാഹന വകുപ്പും പൊലീസും ചേർന്ന് തയാറാക്കി അവിടെ പരിശോധനകൾ ശക്തമാക്കുകയാണ്. എഐ കാമറകളിൽ നിന്നും ഉദ്യോഗസ്ഥൻമാരിൽ നിന്നും വിവരങ്ങൾ എടുക്കും. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഗുണം ചെയ്തതായാണു വിലയിരുത്തൽ. മദ്യപിച്ചു വാഹനമോടിക്കൽ അടക്കം എ.ഐ കാമറകൾക്കു കണ്ടെത്താൻ കഴിയാത്ത നിയമ ലംഘനങ്ങൾ കണ്ടെത്താനാണ് ഇത്തരം പരിശോധന. രാത്രിയിലും പരിശോധന ശക്തമായതിനാൽ ആളുകൾ കൂടുതൽ ജാഗ്രതയിലായി.
2025ൽ 961 വാഹാനാപകടങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2026ലെ ആദ്യ ആറ് മാസങ്ങൾ കഴിയുമ്പോൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 353 അപകടങ്ങൾ മാത്രമാണ്. പൊലീസ് റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. 2025ലെ വാഹനാപകടങ്ങളിൽ 1066 പേർക്ക് പരിക്കേറ്റിരുന്നു. 69 പേർ മരിച്ചു. 2026 ആദ്യ പകുതിയിൽ 420 പേർക്ക് പരുക്കും 28 മരണവും സംഭവിച്ചു. 2023 മുതൽ 2025 വരെയുള്ള മൂന്നു വർഷങ്ങളിൽ വാഹനാപകടങ്ങൾ 900 കടന്നിരുന്നു. നിലവിലെ നിരക്ക് തുടർന്നാൽ ഈ വർഷം വാഹാനാപകടങ്ങൾ മൂന്നിൽ രണ്ടായി കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പല കാരണങ്ങൾ മൂലമാണ് അപകടങ്ങൾ കുറഞ്ഞത്. എന്നാൽ നിരീക്ഷണ കാമറകൾ ഇക്കാര്യത്തിൽ ഏറെ സഹായം ചെയ്തിട്ടുണ്ടെന്നാണ് പൊലീസ്, മോട്ടർ വാഹന വകുപ്പ് അധികൃതർ പറയുന്നത്. ജില്ലയിലാകെ 26 എ.ഐ കാമറകളാണ് പ്രവർത്തിക്കുന്നത്. കാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്കുള്ള പിഴ അറിയിച്ച് വാഹന ഉടമകൾക്ക് കൃത്യമായി ചെലാൻ എത്തുകയാണ്. ഇതോടെ ആളുകൾ ഏറെ ജാഗ്രതയോടെ വാഹനങ്ങൾ ഓടിക്കാൻ തുടങ്ങി. വേഗത്തിൽ പോയവരൊക്കെ വേഗം കുറച്ചു ഓടിച്ചുതുടങ്ങി.
ഇരുചക്രവാഹന യാത്രികർ ഹെൽമറ്റ് ധരിക്കാൻ തുടങ്ങി. കാർയാത്രികർ കൃത്യമായി സീറ്റ് ബെൽറ്റ് ധരിക്കാൻ തുടങ്ങി. ഇല്ലെങ്കിൽ പണി കിട്ടുമെന്ന് അറിയാം. ഇതോടെ ഏറെ ജാഗ്രതയാണ് വാഹനമോടിക്കുന്നവർക്കുള്ളത്. കഴിഞ്ഞ മൂന്ന് വർഷംകൊണ്ട് സംസ്ഥാനത്ത് ആകെ 1000 കോടി രൂപയിലധികം രൂപയുടെ ചെല്ലാനാണ് എ.ഐ കാമറകൾ കാരണം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.