കേണിച്ചിറയിലെ പ്രധാന ജങ്ഷനിൽ ബസ് കാത്ത് നിൽക്കുന്നവർ
സുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്ത് ആസ്ഥാനമായ കേണിച്ചിറ ടൗണിൽ യാത്രക്കാർ ഏറെ എത്തുന്ന ഭാഗത്ത് ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തത് ദുരിതമാകുന്നു. കേണിച്ചിറ ടൗണിൽ പുൽപള്ളി റോഡ് ജങ്ഷനിലാണ് യാത്രക്കാർക്ക് റോഡിലും കടവരാന്തയിലുമായി നിൽക്കേണ്ടിവരുന്നത്. പ്രധാനമായും സുൽത്താൻ ബത്തേരി, മീനങ്ങാടി ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളാണ് കേണിച്ചിറയിലെ പുൽപള്ളി റോഡ് ജങ്ഷനിൽ നിർത്തുന്നത്. ഈഭാഗത്ത് യാത്രക്കാർ ഒഴിവായ നേരമില്ല.
ഒരുമെഡിക്കൽ ഷോപ്പിന് മുമ്പിൽ സ്ഥാപിച്ച ഏതാനും കസേരകളാണ് ഇവർക്ക് ആശ്രയം. ഏതാനും യാത്രക്കാർക്ക് മാത്രമേ ഈ കസേരകൾ ഉപയോഗിക്കാൻ സാധിക്കൂ. പതിറ്റാണ്ടുകൾക്കുമുമ്പ് ഉണ്ടായിരുന്ന വെയ്റ്റിങ് ഷെഡ് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കുകയായിരുന്നു. പിന്നീട് നിരവധി കെട്ടിടങ്ങളും വന്നു.
ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി ഈഭാഗത്തുണ്ടായിരുന്ന ബസ് സ്റ്റോപ് 200 മീറ്റർ അകലെ പെട്രോൾ പമ്പിന് സമീപത്തേക്ക് മാറ്റിയിരുന്നു. അവിടെ ഗ്രാമപഞ്ചായത്തിന്റെ വെയിറ്റിങ് ഷെഡും ഉണ്ടായിരുന്നു. പിന്നീട് ബസ് സ്റ്റോപ് പ്രധാന ജങ്ഷനിലേക്ക് പുനഃസ്ഥാപിച്ചു. പമ്പിന് സമീപം ഉണ്ടായിരുന്ന വെയിറ്റിങ് ഷെഡ് ഇപ്പോൾ കാണാനുമില്ല. പൂതാടി കവലയിലാണ് കേണിച്ചിറയിലെ ബസ് സ്റ്റാൻഡ്. ചെറിയ ടൗണിലെ ആളൊഴിഞ്ഞ ഭാഗത്തെ ബസ് സ്റ്റാൻഡ് കൊണ്ട് യാത്രക്കാർക്ക് വലിയ ഗുണവുമില്ല.
പനമരം: കണിയാമ്പറ്റ ടൗണിൽ ആളുകൾ ബസ് കാത്തിരിക്കുന്നത് നാലു കാൽ ബെഞ്ചിൽ. ചെറിയൊരു മേൽകൂര ഉണ്ടെങ്കിലും ഇവിടെ ഇരിക്കുന്നവർക്ക് വെയിലും മഴയുമൊന്നും പാഴായിപോകില്ല. മഴ പെയ്താൽ പിന്നെ ഇവിടെ ഇരിക്കാനും പറ്റില്ല. കണിയാമ്പറ്റ പഞ്ചായത്ത് ടൗണിൽ നിർമിച്ച ബസ് സ്റ്റോപ് കഴിഞ്ഞ വർഷമാണ് ലോറി ഇടിച്ചു തകർത്തത്. തുടർന്നാണ് താൽക്കാലിക ബസ് സ്റ്റോപ് നിർമിച്ചത്. എന്നാൽ, യാത്രക്കാർ ബസ് കാത്ത് ഇവിടെ ഇരിക്കുന്നത് വെയിലും മഴയും കൊണ്ടാണ്. ബസ് സ്റ്റോപ് നിർമാണത്തിന് ഉപയോഗിച്ച ലോഹമാകട്ടെ തുരുമ്പെടുക്കുകയും ചെയ്തു. നാലുപേർക്ക് സുഖമായി ഇരിക്കാൻ പോലും പറ്റാത്ത തരത്തിലാണ് നിർമാണം.
കണിയാമ്പറ്റ പഞ്ചായത്ത് നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.