ജല അതോറിറ്റിയിലെ ക്വാളിറ്റി കൺട്രോൾ വിഭാഗം കോളിയാടി സ്കൂളിലെ കിണർവെള്ളം പരിശോധനക്കായി എടുക്കുന്നു
സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടിയായി ആള്‍ക്കൂട്ടങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ ഉത്തരവിട്ടു. പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പ്രദേശങ്ങളിലും ബുധനാഴ്ച മുതല്‍ ഏഴ് ദിവസത്തേക്ക് താൽക്കാലിക ചന്തകള്‍, റാലികള്‍ എന്നിവ പരമാവധി ഒഴിവാക്കണം. പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ആളുകള്‍ കൂട്ടംകൂടി നില്ക്കുന്നതും പരമാവധി ഒഴിവാക്കണം.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ കഴിവതും ആളുകളുടെ എണ്ണം നിയന്ത്രിക്കുകയും സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായി മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും വേണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിവെള്ള ആവശ്യത്തിനു ഉപയോഗിക്കാവൂ. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന ആരും സ്വയചികിത്സക്ക് മുതിരരുത്. നിര്‍ബന്ധമായും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തി വിദഗ്ധ ചികിത്സ തേടണം.
നിലവില്‍ രോഗലക്ഷണങ്ങളുള്ളവരുടെ സമ്പര്‍ക്ക പട്ടിക താലൂക്ക് ആരോഗ്യകേന്ദ്രത്തില്‍ തയാറാക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്യും. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവയില്‍ കര്‍ശന പരിശോധന നടത്തി നിയമപരമായ നടപടി സ്വീകരിക്കാനും കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യാനും ഭക്ഷ്യ സുരക്ഷാവകുപ്പിനും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും നിര്‍ദേശം നല്കി. ഉന്നതികളിലെ പരിസര ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങില്‍ ട്രൈബല്‍ വകുപ്പ് നടപടി സ്വീകരിക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.