പ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: കോളിയാടി മാർ ബസേലിയോസ് യു.പി സ്കൂളിലെ കുട്ടികൾക്ക് വിഷബാധയേറ്റത് സ്കൂളിലെ കിണറ്റിലെ വെള്ളത്തിൽ നിന്നെന്ന് നിഗമനം. കുട്ടികൾക്ക് ‘ബാക്ടീരിയൽ ഇൻഫെക്ഷൻ’ ആകാനാണ് സാധ്യതയെന്ന് ആരോഗ്യ അധികൃതർ പറഞ്ഞു. 150 ഓളം കുട്ടികളാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിട്ടുള്ളത്. സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിൽ കുട്ടികളുടെ ചികിത്സക്കായി ശനിയാഴ്ച പ്രത്യേക വാർഡ് തുറന്നിട്ടുണ്ട്. നിലവിൽ ഒരു കുട്ടിക്കും പേടിക്കേണ്ട സാഹചര്യമില്ലെന്ന് ഡി.എം.ഒ ഡോ. കെ.ടി. രേഖ പറഞ്ഞു.
വെള്ളിയാഴ്ച 11 കുട്ടികളാണ് താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായത്. ശനിയാഴ്ച ഇത് 24 ആയി. എല്ലാവർക്കും ഛർദിയും വയറിളക്കവും പനിയുമാണ്. ഇവിടെയുള്ള നാലു കുട്ടികളുടെ വയറിളക്കത്തിൽ രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. 42 കുട്ടികൾ വിവിധ സ്വകാര്യ ആശുപത്രികളിലാണ് ചികിത്സയിലുള്ളത്. 150 ഓളം പേരിൽ ബാക്കിയുള്ളവർ ചികിത്സക്കുശേഷം വീടുകളിലേക്ക് മടങ്ങിയവരാണ്.
ജൂൺ ഒന്നിന് പ്രവേശനോത്സവം മുതൽ കോളിയാടി സ്കൂളിലെ ഏതാനും കുട്ടികൾക്ക് ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഛർദി, വയറിളക്കം, പനി തുടങ്ങിയവയാണ് കണ്ടത്. വ്യാഴാഴ്ചയായപ്പോഴേക്കും കൂടുതൽ കുട്ടികൾക്ക് ഛർദിയും വയറിളക്കവുമുണ്ടായി. ബത്തേരി താലൂക്ക് ആശുപത്രി, ബത്തേരിയിലെയും അമ്പലവയലിലെയും സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലൊക്കെ കുട്ടികൾ ചികിത്സ തേടി എത്തിയിട്ടുണ്ട്. ഒരധ്യാപികയും ചികിത്സയിലാണ്.
839 കുട്ടികളാണ് കോളിയാടി സ്കൂളിൽ പഠിക്കുന്നത്. ഒന്നാം തീയതി മുതൽ സ്കൂളിൽ ഉച്ചഭക്ഷണം ഉൾപ്പെടെയുള്ളവ വിതരണം ചെയ്തിട്ടുണ്ട്. അതിനാൽ ഭക്ഷ്യവിഷ ബാധയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ, വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവന്ന ഏതാനും കുട്ടികളും അസ്വസ്ഥതകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇവർ കൈകഴുകാനും മറ്റും സ്കൂളിലെ കിണറിലെ വെള്ളമാണ് ഉപയോഗിച്ചിട്ടുള്ളത്. ഈയൊരു സാഹചര്യത്തിൽ കിണർ വെള്ളമാണ് വില്ലനായതെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തുന്നുണ്ട്. കിണർ വെള്ളത്തിലാണ് അണുബാധക്കുള്ള സാധ്യത കൂടുതൽ. കുട്ടികളുടെ ഉമിനീര്, രക്തം എന്നിവയും മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് പരിശോധനക്കായി കൊണ്ടുപോയിട്ടുണ്ട്. ഇതിന്റെ ഫലം ഞായറാഴ്ച ലഭ്യമാകും. അപ്പോൾ മാത്രമേ വ്യക്തമായ കാരണമറിയു.
രണ്ട് കിണറുകളാണ് കോളിയാടി സ്കൂളിലുള്ളത്. ഒന്ന് സാധാരണ കിണറും മറ്റൊന്ന് കുഴൽ കിണറുമാണ്. പാചകത്തിന് ഉപയോഗിക്കുന്നത് കുഴൽ കിണറിന്റെ വെള്ളമാണെന്ന് ഹെഡ്മാസ്റ്റർ ബെറ്റി ജോർജ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഈ രണ്ടു കിണറിലെയും വെള്ളം പരിശോധനക്കായി ശനിയാഴ്ച മേപ്പാടി വിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതേസമയം, കിണർ വെള്ളം സ്കൂൾ തുറക്കുന്നതിന് മുമ്പ് ശുദ്ധമാണെന്ന് ഉറപ്പുവരുത്തിയെന്നാണ് ഹെഡ്മാസ്റ്റർ പറയുന്നത്. ടാങ്കുകളും വൃത്തിയാക്കിയിരുന്നു.
സുൽത്താൻബത്തേരി: കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ ഓപൺ കിണറിലെ വെള്ളം പാത്രം കഴുകാനും ടോയ്‌ലറ്റിലേക്കും കൈകഴുകാനുമാണ് ഉപയോഗിച്ചിരുന്നത്. ഈ കിണറിനോടനുബന്ധിച്ചുള്ള ടാങ്ക് സ്കൂൾ തുറക്കും മുമ്പ് വൃത്തിയാക്കിയെന്നാണ് അധികൃതർ പറയുന്നത്. വീടുകളിൽ നിന്ന് ഉച്ചഭക്ഷണം കൊണ്ടുവന്ന കുട്ടികൾക്കും അസ്വസ്ഥതകൾ ഉണ്ടായതോടെ ഓപൺ കിണറിലെ വെള്ളത്തെയാണ് സംശയിക്കുന്നത്. എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഈ വെള്ളം ഉപയോഗിച്ചിട്ടുണ്ട്. അസ്വസ്ഥതകൾ കൂടുതലുണ്ടായവരിൽ അഞ്ചാം ക്ലാസുകാരാണ് കൂടുതലെന്ന് പ്രധാനാധ്യാപിക പറഞ്ഞു.
കൽപറ്റ: ജില്ലയിലെ കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്കൂളിലെ വിദ്യാർഥികളില്‍ ഭക്ഷ്യ വിഷബാധയെ തുടർന്ന് പനി, ചര്‍ദ്ദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകള്‍ കണ്ട വിഷയത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കൃഷി മന്ത്രി ടി. സിദ്ദീഖ് പറഞ്ഞു. കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവ. ഗെസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആവശ്യമായ ശിശുരോഗ വിദഗ്ധരെ ശനിയാഴ്ച രാവിലെ തന്നെ വിന്യസിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഏറ്റവും മികച്ച ചികിത്സയാണ് നല്കി വരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു.
സ്കൂളിലെ കിണറുകളിൽ നിന്നുള്ള വെള്ളത്തിന്റെ സാമ്പിളുകളും ഭക്ഷണവും പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നാല്‍ മാത്രമേ ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താനാകൂ. ഇത് രണ്ടു ദിവസത്തിനുള്ളില്‍ ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു. 121 കുട്ടികളിലാണ് പ്രശ്നങ്ങള്‍ കണ്ടിട്ടുള്ളത്. ഇതില്‍ 73 കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മുന്‍കരുതലെന്ന നിലയിൽ വരും ദിവസങ്ങളില്‍ കൂടുതല്‍ സ്കൂളുകളില്‍ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
സുൽത്താൻബത്തേരി: വിദ്യാർഥികൾ ചികിത്സ തേടിയ സാഹചര്യത്തിൽ കോളിയാടി മാർ ബസേലിയോസ് യു.പി സ്കൂളിന് ഒരാഴ്ച അവധി കൊടുത്തതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അറിയിച്ചു. തിങ്കളാഴ്ച മുതൽ ഒരാഴ്ച സ്കൂൾ അടഞ്ഞു കിടക്കും. ഡി.എം.ഒ ഡോ. കെ.ടി. രേഖ, സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൻ റസീന അബ്ദുൽ ഖാദർ, നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ ആത്താർ തുടങ്ങിയവരും ശനിയാഴ്ച രാവിലെ മുതൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.