ഊണിന് 30ഉം കോഴിക്കറിക്ക് 50 രൂപയും മാത്രം വാങ്ങുന്ന മീനങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലെ വനിത ജനകീയ ഹോട്ടൽ
സുൽത്താൻ ബത്തേരി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലമുണ്ടായ പാചകവാതക പ്രതിസന്ധിയും ഇന്ധനവില വർധനയും മുതലെടുത്ത് ഹോട്ടലുകളിൽ ഭക്ഷണവിഭവങ്ങൾക്ക് തോന്നുംപോലെ വില ഈടാക്കുന്നു. ചായയുടെയും കടികളുടെയും കാര്യത്തിൽ പലയിടത്തും പലതാണ് വില. സുൽത്താൻ ബത്തേരി നഗരത്തിൽ മിക്കയിടത്തും ചായക്കും എണ്ണക്കടികൾക്കും 15 രൂപയാണ് വില. ചിലയിടത്ത് 14, 13, 12 എന്നിങ്ങനെയാണ് വില. എന്നാൽ, വില വിവര ബോർഡ് ചിലയിടത്ത് മാത്രമാണുള്ളത്. അതിനാൽ വില നോക്കി കടയിൽ കയറാമെന്ന് വെച്ചാൽ സാധിക്കില്ല.
സുൽത്താൻ ബത്തേരി നഗരത്തിൽ ഇന്ത്യൻ കോഫി ഹൗസിൽ ചായക്കും സാധാരണ എണ്ണക്കടികൾക്കും 13 രൂപയാണ്. ജി.എസ്.ടി ഉൾപ്പെടെ 14, 15 എന്നിങ്ങനെ ബിൽ ലഭിക്കും. അതേസമയം, ചുങ്കത്ത് മറ്റ് ഹോട്ടലുകളിൽ 15 രൂപ കൊടുക്കണം.ചുള്ളിയോട് റോഡിലെ ചില കടകളിൽ 15 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 14 രൂപയേ വാങ്ങുന്നുള്ളു.
മീനങ്ങാടിയിൽ മിക്കയിടത്തും ചായക്കും കടിക്കും 15 രൂപയാണ്. ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ ദേശീയപാതക്ക് അഭിമുഖമായുള്ള ചായക്കടയിൽ 13 രൂപ വീതമാണ് ചായക്കും കടിക്കും. പഴയ ത്രിവേണി തിയറ്റർ കവലയിലെ തട്ടുകടയിൽ 12 രൂപ വീതമാണ് ഈടാക്കുന്നത്. പനമരം റോഡിൽ ആയിഷ കോംപ്ലക്സിലെ കടയിൽ 15 രൂപ. ട്രാഫിക് ജങ്ഷനിൽനിന്നും സ്റ്റേഡിയത്തിലേക്ക് പോകുന്ന ഭാഗത്തുള്ള കടയിൽ 14 രൂപ എന്ന് എഴുതിവെച്ചിട്ടുണ്ട്.
കേണിച്ചിറയിൽ ട്രാഫിക് ജങ്ഷനിലെ മീൻ കടക്ക് എതിർവശത്തുള്ള ബേക്കറിയിൽ ചായക്കും കടിക്കും 12 രൂപയാണ്. എന്നാൽ, എല്ലായിടത്തും ഈ തുകയല്ല.ഈരീതിയിൽ താലൂക്കിന്റെ ഒരുഭാഗത്തും വിലയിൽ ഏകീകരണമില്ല. വില നിലവാരം കൃത്യമായി രേഖപ്പെടുത്തിയ ബോർഡുകൾ കടകൾക്കു മുന്നിൽ സ്ഥാപിച്ചാൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും. ഇക്കാര്യത്തിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ഉറക്കത്തിലാണെന്ന ആക്ഷേപം ശക്തമാണ്.
50 രൂപയുണ്ടായിരുന്ന സാധാരണ ഊണിന് സുൽത്താൻ ബത്തേരി നഗരത്തിൽ രണ്ടുമാസത്തിനിടെ 30 രൂപ വരെ വർധിച്ചു. പൊലീസ് സ്റ്റേഷൻ റോഡിലെ ‘സബ്സിഡി’ കടയിൽ 30 രൂപയുണ്ടായിരുന്ന ഊണിന് ഇപ്പോൾ 40 ആയി. അതേസമയം, മിനി സിവിൽ സ്റ്റേഷന് സമീപത്തെ സപ്ലൈകോയുടെ ഭക്ഷണശാലയിൽ ഊണിന് 30 രൂപയാണ്. ഇവിടെ മീൻ വറുത്തത് ഏത് വാങ്ങിയാലും 35 രൂപ അധികം കൊടുക്കണം. മീനങ്ങാടിയിൽ പൊലീസ് സ്റ്റേഷന് എതിർവശത്തെ വനിത മെസ്സിൽ ഇപ്പോഴും ഊണിന് 30 രൂപ തന്നെയാണ്. ചിക്കൻ കറിക്ക് 50 രൂപയും പകുതി പ്ലേറ്റിന് 30 രൂപയുമാണ്. പൊറോട്ടക്ക് മീനങ്ങാടിയിൽ 12 രൂപ മുതലാണ് വില. 18 രൂപ വരെ ഈടാക്കുന്ന ഹോട്ടലുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.