സുൽത്താൻ ബത്തേരി: വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാനുള്ള ബസുടമകളുടെ നീക്കം തൽക്കാലം വേണ്ടെന്നുവച്ചു. ആർ.ടി.ഒ ഉൾപ്പെടെയുള്ളവരുമായി ബുധനാഴ്ച നടന്ന ചർച്ചയിലാണ് ഈ തീരുമാനം. അതേസമയം, ജൂൺ 12ന് വിദ്യാർഥി സംഘടന പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച തീരുമാനിച്ചിട്ടുണ്ട്. ചർച്ചയിലെ തീരുമാനം അനുസരിച്ച് ചെറിയ രീതിയിൽ വർധനവ് നടത്താമെന്ന പ്രതീക്ഷയിലാണ് ബസ്സുടമകൾ.
ജൂൺ ഒന്ന് മുതൽ വിദ്യാർഥികളുടെ യാത്ര നിരക്കിൽ ഒരു രൂപ വർധനവ് നടത്താനാണ് തീരുമാനിച്ചത്. അതനുസരിച്ച് എല്ലാ ബസ് ജീവനക്കാർക്കും അറിയിപ്പ് കൊടുക്കുകയും ചെയ്തു.
കണ്ടക്ടർമാർ വിദ്യാർഥികളോട് കൂടുതൽ ചാർജ് തരണമെന്ന് ആവശ്യപ്പെട്ടതോടെ സംഭവം വിവാദമാവുകയായിരുന്നു. വിദ്യാർഥി സംഘടനകളും ചില രക്ഷിതാക്കളും ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. ആർ.ടി.ഒ ഉൾപ്പെടെയുള്ളവർക്ക് പരാതിയും ചെന്നു. ഇതോടെയാണ് കലക്ടറേറ്റിൽ അടിയന്തര യോഗം ചേർന്നത്.
രൂക്ഷമായ ഇന്ധന വിലക്കയറ്റവും സ്പെയർ പാർട്സുകളുടെ വിലവർധനവുമാണ് വിദ്യാർഥികളുടെ ചാർജ് വർധിപ്പിക്കാനുള്ള തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് ബസ്സുടമകൾ പറയുന്നു. ചില ജില്ലകളിൽ സർക്കാർ നിഷ്കർഷിച്ചതിലും കൂടുതൽ ചാർജ് വിദ്യാർഥികൾ കൊടുക്കുന്നുണ്ടെന്നും ബസ്സുടമ പ്രതിനിധികൾ, വിദ്യാർഥി സംഘടന പ്രതിനിധികൾ, രക്ഷിതാക്കൾ, ഗതാഗത വകുപ്പ് അധികൃതർ തുടങ്ങിയവർ കൂട്ടായ ചർച്ച നടത്തി സമവായത്തിലെത്തിയാണ് ഈ വർധനവെന്നും ഉടമകൾ പറയുന്നു.
ബുധനാഴ്ച നടന്ന ചർച്ചയിൽ ബസ് ഉടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല ഭാരവാഹികളായ പി.കെ. ഹരിദാസ്, രഞ്ജിത്ത് റാം, പി.കെ. രാജശേഖരൻ, നജ്മുദ്ദീൻ, സി.എ. മാത്യു, ജോർജ്ജ് പുൽപ്പാറ, കരിം എന്നിവരും വിദ്യാർഥി യുനിയന് വേണ്ടി ആദർശ് (എസ്.എഫ്.ഐ), മുബഷിർ (എം.എസ്.എഫ്), അസ്ലം (കെ.എസ്.യു), അതുൽദാസ് (എ.ബി.വി.പി) എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.