ഡെങ്കി വിരുദ്ധ മാസാചരണത്തിന്റെ ബോധവത്കരണ പരിപാടികളും പൊതുസമ്മേളനവും സുൽത്താൻ ബത്തേരി മുനിസിപ്പൽ
കമ്മ്യൂണിറ്റി ഹാളിൽ നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്യുന്നു
കമ്മ്യൂണിറ്റി ഹാളിൽ നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്യുന്നു
സുൽത്താൻ ബത്തേരി: ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, സുൽത്താൻ ബത്തേരി നഗരസഭ, ചെതലയം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള ജില്ലതല ഡെങ്കി വിരുദ്ധ മാസാചരണത്തിന് സുൽത്താൻ ബത്തേരിയിൽ തുടക്കമായി. ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന രോഗമാണ് ഡെങ്കിപ്പനി. ചികിത്സ നീട്ടിവെക്കുന്നതും സ്വയം ചികിത്സയും രോഗം ഗുരുതരമാകുന്നതിനും മരണംവരെ സംഭവിക്കുന്നതിനും കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു.
ജില്ലതല ബോധവത്കരണ പരിപാടികളുടെയും പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽഖാദർ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ എം.ജി. ഇന്ദ്രജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി.എം. മൊയ്തീൻ ഷാ മുഖ്യപ്രഭാഷണവും ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ. ആര്യ വിജയകുമാർ സന്ദേശ പ്രഭാഷണവും നടത്തി.
ജില്ല വെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫിസർ വി.പി. കൃഷ്ണകുമാർ, ഡി.വി.സി യൂനിറ്റ് ബയോളജിസ്റ്റ് കെ. ബിന്ദു എന്നിവർ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങള്‍, ഉറവിട നശീകരണ മാർഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസെടുത്തു.
പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനത്തിൽനിന്ന് ആരംഭിച്ച ബഹുജന ബോധവത്കരണ വിളംബര റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. റാലിയിൽ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ബോധവത്കരണ സ്കിറ്റും ജനശ്രദ്ധയാകർഷിച്ചു. സുൽത്താൻ ബത്തേരി നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രമോദ് പാളാക്കര, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി. ഷംസാദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലീല പാൽപത്ത്, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഷിഫാനത്ത്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷറീന അബ്ദുള്ള, പി.എസ് ഡിവിഷൻ കൗൺസിലർ സുലഭി, ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. സിന്ധു, ചെതലയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ബിജു അശോകൻ, ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ കെ.എം. മുസ്തഫ, വയനാട് ഡെപ്യൂട്ടി ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ പി.എം. ഫസൽ, സുൽത്താൻ ബത്തേരി മുനിസിപ്പൽ ആരോഗ്യവിഭാഗം ക്ലീൻ സിറ്റി മാനേജർ പി.എസ്. സന്തോഷ് കുമാർ, സി.ഡി.പി.ഒ ഭാഗ്യലക്ഷ്മി, കടുംബശ്രീ സി.ഡി.എസുമാരായ പ്രസന്നകുമാരി, രാജലക്ഷ്മി, ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പ്രധാനമായി പകൽ സമയങ്ങളിലാണ് ഈ കൊതുകുകൾ കടിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, കടുത്ത തലവേദന, കണ്ണിനു പിന്നിലെ വേദന, പേശികളിലും സന്ധികളിലുമുള്ള കഠിനമായ വേദന, ശരീരത്തിൽ ചുവന്ന തുടുപ്പുകൾ, വിറയൽ, കടുത്തക്ഷീണം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തി ചികിത്സ തേടണം. ചികിത്സ നീട്ടിവെക്കുന്നതും സ്വയം ചികിത്സയും രോഗം ഗുരുതരമാകുന്നതിനും മരണംവരെ സംഭവിക്കുന്നതിനും കാരണമായേക്കാം. കൊതുകുകടി ഏൽക്കാതിരിക്കാൻ ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകുവല, കൊതുക് തിരികൾ, ക്രീമുകൾ എന്നിവ ഉപയോഗിക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ. കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ചിരട്ടകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ടയറുകൾ, റഫ്രിജറേറ്ററിന്റെ വാട്ടർ ട്രേ, വാട്ടർ കൂളറുകൾ, അലങ്കാരച്ചെടികളുടെ ചട്ടികൾ, മടലുകൾ, ടെറസ് എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഉപയോഗശൂന്യമായ പാത്രങ്ങളും ആക്രി വസ്തുക്കളും വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കണം. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനായി ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ചകളിൽ ഓഫിസുകളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും പരിസരങ്ങളിലും ഉറവിട നശീകരണം നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.