മാനന്തവാടി: വിദ്യാർഥികളുടെ യാത്രാനിരക്ക് വർധന ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും ചൊവ്വാഴ്ച നടത്തിയ പണിമുടക്ക് വയനാട്ടിലും പൂർണം. സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളിലെ യാത്രക്കാർ വലഞ്ഞു. മാനന്തവാടി, കൽപറ്റ, സുൽത്താൻ ബത്തേരി, പുൽപള്ളി തുടങ്ങിയ സ്ഥലങ്ങളിൽ സർവിസ് നടത്തിയിരുന്ന എല്ലാ ബസുകളും പണിമുടക്കിൽ പങ്കെടുത്തു. ജില്ലയിൽ ആകെ 375 സ്വകാര്യ ബസുകളാണ് സർവിസ് നടത്തുന്നത്.
മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് പേര്യ, കൽപറ്റ, നിരവിൽപ്പുഴ എന്നിവിടങ്ങളിലേക്ക് അധിക സർവിസ് നടത്തി. സ്വകാര്യ ബസുകൾ കൂടുതലായി ഓടുന്ന മക്കിമല, തിരുനെല്ലി, നിരവിൽപ്പുഴ, കുപ്പാടിത്തറ, ചേര്യംകൊല്ലി, പടിഞ്ഞാറത്തറ, പുളിഞ്ഞാൽ എന്നീ പ്രദേശങ്ങളിലെ വിദ്യാർഥികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള യാത്രക്കാരാണ് വാഹനം കിട്ടാതെ ബുദ്ധിമുട്ടിയത്.
ടാക്സി വാഹനങ്ങൾ അമിത തുക ഈടാക്കിയാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്. മഴക്കാലമായതുകൊണ്ടുതന്നെ യാത്രാദുരിതം ഇരട്ടിയായി. പണിമുടക്കിയ തൊഴിലാളികളും ഉടമകളും സുൽത്താൻ ബത്തേരിയിൽ പ്രകടനവും ധർണയും നടത്തി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസി. പി.കെ. ഹരിദാസ് അധ്യക്ഷതവഹിച്ചു.
ജില്ല സെക്രട്ടറി രഞ്ജിത്ത് റാം, മറ്റു ഭാരവാഹികളായ ബ്രിജേഷ് കെ. തോമസ്, ടി.എൻ. സുരേന്ദ്രൻ, സി.എ. മാത്യു, പി.കെ. പ്രേമൻ, ചാക്കോ മാനന്തവാടി, തൊഴിലാളി യൂനിയൻ പ്രതിനിധികളായ സുബിൻ വടക്കനാട്, ഷമീർ മക്കിയാട്, ശ്യാംജിത്ത് നമ്പ്യാർകുന്ന് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.