കൽപറ്റ: ദിവസങ്ങളായി വയനാട്ടിലെ പമ്പുകളിലും പെട്രോളും ഡീസലും കിട്ടാനില്ല. മിക്ക പമ്പുകളും അടഞ്ഞുകിടക്കുകയാണ്. ചിലയിടങ്ങളിലാകട്ടെ സ്റ്റോക്ക് ഇല്ല എന്ന ബോർഡ് വെച്ചിട്ടുമുണ്ട്.
ജില്ല ആസ്ഥാനമായ കൽപറ്റയിലടക്കം പമ്പുകളിൽ ഇന്ധനം കിട്ടാനില്ല. കൽപറ്റയിലെ റിലയൻസ് പമ്പിൽ മാത്രമായിരുന്നു ഞായറാഴ്ച ഇന്ധനം ഉണ്ടായിരുന്നത്. മേപ്പാടി ഭാഗത്ത് നിന്നടക്കം നിരവധി വാഹനങ്ങളാണ് ഇവിടെ ഇന്ധനം നിറക്കാൻ എത്തിയത്. ഇതുമൂലം ദേശീയ പാതയിൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ പെട്രോളിനും ഡീസലിനും വൻതോതിൽ വില വർധിക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. ഇതറിഞ്ഞ് വൻതോതിൽ ഇന്ധനം സ്റ്റോക്ക് ചെയ്തവർ ഇന്ധനം ഇല്ലെന്ന് പറഞ്ഞ് ഉപഭോക്താക്കളെ മടക്കുന്നുവെന്ന ആരോപണവും ശക്തമാണ്. വില വർധിച്ചാൽ പഴയ നിരക്കിൽ വാങ്ങിയ ഇന്ധനത്തിന് കൂടിയ വില ഈടാക്കാനാണ് ചില പമ്പുടമകളുടെ ശ്രമം.
കഴിഞ്ഞ ദിവസങ്ങളിൽ ചുരത്തിന് താഴെയുള്ള സ്ഥലങ്ങളിലെ പമ്പുകളിലും ഇന്ധനം ഉണ്ടായിരുന്നില്ല. ചുരത്തിലെ ഗതാഗത തടസ്സമടക്കം മുൻകൂട്ടി കണ്ട് ചുരത്തിന് താഴെയുള്ള പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാമെന്ന് കരുതി എത്തിയ വാഹന ഉടമകളും വെട്ടിലായി.
താമരശ്ശേരി മുതൽ ചുരം വരെ നിരവധി പമ്പുകൾ ഉണ്ട്. എന്നാൽ, ശനിയാഴ്ചയടക്കം ഒന്നോ രണ്ടോ പമ്പുകളിൽ മാത്രമാണ് ഇന്ധനം ഉണ്ടായിരുന്നത്. കൂടിയ വിലക്ക് വിൽപന നടത്താനും കൊള്ള ലാഭം ഉണ്ടാക്കാനുമായി ഇന്ധനം പൂഴ്ത്തിവെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
സിവിൽ സൈപ്ലസ് അധികൃതരടക്കം പമ്പുകളിൽ പരിശോധന നടത്തണമെന്നാണ് ആവശ്യം. പാചകവാതക ക്ഷാമത്തിന്റെ പേരിൽ ചില ഏജൻസികൾ സിലിണ്ടറുകൾ പൂഴ്ത്തിവെച്ചിരുന്നു. അധികൃതർ പരിശോധനയടക്കം നടത്തി പൂഴ്ത്തിവെച്ച സിലിണ്ടറുകൾ പിടിച്ചിരുന്നു.
ഇത്തരത്തിൽ പെട്രോൾ പമ്പുകളിലും പരിശോധന നടത്തണമെന്നാണ് ആവശ്യം. അടുത്ത ദിവസം തന്നെ ലിറ്ററിന് അഞ്ചുരൂപയെങ്കിലും പെട്രോളിനും ഡീസലിനും വില വർധിക്കുമെന്നാണ് സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.