ചുരത്തിലെ വാഹനക്കുരുക്ക് കാരണം ദേശീയ പാതയിൽ വാഹനങ്ങളുടെ നിര. ലക്കിടിയിൽ നിന്നുള്ള ദൃശ്യം
വൈത്തിരി: തുടർച്ചയായി വയനാട് ചുരത്തിൽ ഇന്നലെയും വൻഗതാഗതകുരുക്ക് അനുഭവപ്പെട്ടു. പെരുന്നാൾ അവധിയും സ്‌കൂൾ തുറക്കൽ അടുത്തതും വാരാന്ത്യവും കൂടിയായപ്പോൾ ആയിരക്കണക്കിനു വാഹനങ്ങളാണ് ശനിയാഴ്ച ചുരത്തിലൂടെ കടന്നു പോയത്. വെള്ളിയാഴ്ച ഉണ്ടായ ഗതാഗത കുരുക്ക് അർധരാത്രി വരെ നീണ്ടു. വാഹനങ്ങളുടെ അതിപ്രസരം മൂലം ശനിയാഴ്ച പുലർച്ചെ തന്നെ ചുരത്തിൽ കുരുക്ക് തുടങ്ങിയിരുന്നു. ഇഴഞ്ഞിഴഞ്ഞാണ് വാഹനങ്ങൾ ചുരം കയറിയത്. പലരും അടിവാരത്തുവെച്ചു വയനാട് സന്ദർശനം ഒഴിവാക്കി മറ്റിടങ്ങളിലേക്ക് യാത്ര തിരിച്ചു വിട്ടു.
എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കും പൂക്കോട് തടാകത്തിലേക്കുമുള്ള വലിയ ബസുകളടക്കമുള്ള റോഡിനിരുവശവും നിർത്തുന്നതുമൂലം ലക്കിടി മുതൽ തളിപ്പുഴ വരെ വീണ്ടും കുരുക്കായി മാറി. ഉച്ചയോടെ വാഹങ്ങളുടെ നിര അടിവാരം മുതൽ ചുണ്ടേൽ വരെ നീണ്ടു. കൽപറ്റ നിന്നും വൈത്തിരി എത്താൻ ഒരു മണിക്കൂറിലധികം സമയമെടുക്കേണ്ടിവന്നു. പിന്നീട് തിരക്ക് അൽപം അയഞ്ഞുവെങ്കിലും ഇന്നലെ സന്ധ്യയോടെ വാഹന തടസം വലിയ തോതിലായി. വാഹനങ്ങളുടെ നിര വീണ്ടും ചുണ്ടേലും കഴിഞ്ഞു. മൂന്നും നാലും മണിക്കൂറുകളെടുത്താണ് ചുരം കടക്കാനായത്. ബസ് യാത്രക്കാരായ സാധാരണക്കാരും ആംബുലൻസുകളും ഈ കുരുക്കിൽപെട്ടു ഏറെ വലഞ്ഞു. ദീർഘദൂര ബസുകളും കുരുക്കിൽപെട്ടു വൈകിയാണ് ഓടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.