കൽപറ്റ: കള്ളാടിയിൽ തുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും സർക്കാറിന് വിദഗ്ധ ശിപാർശകൾ സമർപ്പിക്കുന്നതിനുമായി രൂപവത്കരിച്ച സമിതിയുടെ അന്വേഷണത്തിൽ തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ മാത്രം പോരെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു. സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ തുരങ്കത്തിന്റെ പണികൾ നിർത്തിവെക്കാനുമുള്ള സംസ്ഥാന സർക്കാർ തീരുമാനം ഇവർ സ്വാഗതം ചെയ്തു.
തുരങ്ക നിർമിതിക്കു മുൻപ് ലഭിക്കേണ്ട പരിസ്ഥിതി അനുമതിയടക്കമുള്ള വിവിധ ക്ലിയറൻസുകൾ നേടിയെടുക്കുന്നതിന് സംസ്ഥാന സർക്കാറും പി.ഡബ്ല്യു.ഡിയും ഉദ്യോഗസ്ഥരും നടത്തിയ വഴിവിട്ട സമ്മർദ്ദത്തെക്കുറിച്ചും കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾ നൽകിയത് അടക്കമുളള കാര്യങ്ങളും അന്വേഷിക്കണം.
ഇക്കാര്യം ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയും കേരളത്തിലെ വിവിധ പരിസ്ഥിതി സംഘടനകളുടെയും ശാസ്ത്രജ്ഞന്മാരുടെയും കൂട്ടായ്മയായ കോഎക്സിസ്റ്റൻസ് കലക്ടീവും മുഖ്യമന്ത്രിക്ക് കത്തെഴുതി. രൂപവത്കരിക്കുന്ന സമിതിയിൽ പരിസ്ഥിതി ശാസ്ത്രജ്ഞരും വിദഗ്ധരും ഉണ്ടായിരിക്കണം. പരിസ്ഥിതി ആഘാത നിർണയവും സാമൂഹ്യ ആഘാതനിർണയവും തെറ്റായും ഗൂഢാലോചനപരമായും ആണ് ഉണ്ടാക്കിയത്. വനം വകുപ്പ് അടക്കം വിവിധ വകുപ്പുകളിൽ തെറ്റായ റിപ്പോർട്ടുകൾ നൽകാൻ അന്നത്തെ സർക്കാർ സമ്മർദ്ദം ചെലുത്തി. പി.ഡബ്ല്യു.ഡി വകുപ്പും അന്നത്തെ കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയറും ചേർന്നാണ് എല്ലാവിധ ഗൂഢാലോചനയും നടത്തിയതെന്നും ഇവർ ആരോപിച്ചു.
സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ സമിതിക്കും കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിനും നൽകിയ റിപ്പോർട്ടിൽ തുരങ്കം കടന്നുപോകുന്ന പ്രദേശം റെഡ് സോണിൽപ്പെട്ട പ്രദേശമാണെന്നും സംസ്ഥാന, ജില്ല ദുരന്തനിവാരണ അതോറിറ്റികളുടെ പട്ടികയിൽ റെഡ് സോണിൽപെട്ട മലനിരയാണെന്നുമുള്ള സത്യം ബോധപൂർവം മറച്ചുവെച്ചു.
ഇതിന്റെ സാമൂഹിക ആഘാത പഠനം നടത്തിയത് ഒരു പാരലൽ കോളജാണ്. അതിന്റെ പിന്നിലെ ഗൂഢാലോചനയും സമിതി അന്വേഷിക്കണമെന്ന് വിവിധ പരിസ്ഥിതി സംഘടന നേതാക്കളായ എൻ. ബാദുഷ, എം.എൻ. ജയചന്ദ്രൻ ഇടുക്കി, വീണ മരുതൂർ തിരുവനന്തപുരം, അഡ്വ. സന്തോഷ് എറണാകുളം, എ.ജെ. ബാബു തിരുവനന്തപുരം, ടി.വി. രാജൻ കോഴിക്കോട്, അൻവർ സാദത്ത് നിലമ്പൂർ, കെ.എ. സുലൈമാൻ ഇടുക്കി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.