വയനാടൻ തോട്ടങ്ങളിൽനിന്ന് മുറിച്ച മരങ്ങൾ
വനവത്കരണം കടലാസിൽ; ഓരോ ദിവസവും മുറിച്ചുമാറ്റുന്നത് നൂറുകണക്കിന് മരങ്ങൾ
മാനന്തവാടി: മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി കാലവർഷം ദുർബലമാവുകയും കുടിവെള്ള ലഭ്യത പോലും പ്രതിസന്ധിയിലാവുകയും ചെയ്യുന്ന സാഹചര്യത്തിൽ വയനാട്ടിൽ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ആശങ്കകൾ വർധിക്കുന്നു. വനവത്കരണത്തിന് ഒരുഭാഗത്ത് ശബ്ദം ഉയരുമ്പോഴും ഓരോ ദിവസവും നൂറുകണക്കിന് മരങ്ങൾ ജില്ലയിൽനിന്ന് മറിച്ചുമാറ്റുന്നത് കാരണം അതിവേഗം വയനാട് മരുവത്കരിക്കപ്പെടുന്ന സാഹചര്യമാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
തണ്ണീർത്തടങ്ങളും വയലേലകളും വൻതോതിൽ തരംമാറ്റിക്കൊണ്ടിരിക്കുകയാണ്. ദിവസംതോറും നൂറുകണക്കിന് ലോഡ് വയനാടൻ മരങ്ങളാണ് ചുരമിറങ്ങുന്നത്. കാർഷിക ജില്ലയായ വയനാട്ടിൽ, കാർഷിക തകർച്ച നാൾക്കുനാൾ വർധിക്കുമ്പോൾ കർഷകന്റെ നിലനിൽപും ചോദ്യം ചെയ്യപ്പെടുകയാണ്.
കെട്ടിടനിർമാണ ആവശ്യങ്ങൾക്കും മാറ്റുമായി തോട്ടത്തിലെ ഏറ്റവും പ്രായംചെന്ന വൃക്ഷങ്ങൾ മുറിച്ചുമാറ്റിയിരുന്ന സ്ഥാനത്ത് ഇപ്പോൾ അനിയന്ത്രിതമായി കൃഷിയിടങ്ങളിലെ വൃക്ഷങ്ങളും മുറിച്ചുമാറ്റുകയാണ്. ഇത് കിണറുകളുടെ ജലവിതാനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. വനവത്കരണത്തിന് സർക്കാർ കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഫലവത്താക്കുന്നില്ലെന്നാണ് പരാതി. വയനാടിനെ സംരക്ഷിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് പാലിയണ പൗരസമിതി ആവശ്യപ്പെട്ടു.
ജനകീയ കലാവസ്ഥ പ്രവർത്തനങ്ങളുമായി ക്ലൈമറ്റ് വീക്ക് ഇന്ത്യ കാമ്പയിന്‍
കല്‍പറ്റ: കാലാവസ്ഥ വ്യതിയാനത്തില്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നതിനും ഡല്‍ഹിയിലെ ഹയ്യ ഫൗണ്ടേഷന്‍ രാജ്യവ്യാപകമായി നടത്തുന്ന ക്ലൈമറ്റ് വീക്ക് ഇന്ത്യ കാമ്പയിന്‍ -2026ന് ജില്ലയിലും തുടക്കം. എയിംസ്‌വേ ഫൗണ്ടേഷന്‍ (മീനങ്ങാടി), ആദ്യ ബയോ ഇന്നൊവേഷന്‍സ്(മൂലങ്കാവ്) എന്നിവയുമായി സഹകരിച്ചാണ് ജില്ലയില്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ഒരാഴ്ച നീളുന്ന കാമ്പയിനിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്ലൈമറ്റ് വാക്ക്, ക്ലൈമറ്റ് ടോക്ക്, സെമിനാര്‍, തൈവിതരണം തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നതായി ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം, ഉപജീവനം, ആരോഗ്യം, ജലം, ഭക്ഷണം, പരിസ്ഥിതി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെടുത്തി മനസിലാക്കുന്നതിനും പ്രദേശിക കാലാവസ്ഥ പ്രശ്‌നങ്ങളില്‍ സമൂഹത്തിന്റെ ഇടപെടല്‍ വര്‍ധിപ്പിക്കുന്നതിനും ഉതകുന്ന വിധത്തിലാണ് പരിപാടികൾ.
എയിംസ് വേ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍. സല്‍മാന്‍, ഹയ്യ ഫൗണ്ടേഷന്‍ പ്രോഗ്രാം മാനേജര്‍ ടി. തിരുമൂര്‍ത്തി, ആദ്യ ബയോ ഇന്നൊവേഷന്‍സ് ചീഫ് സയന്റിസ്റ്റ് ഡോ. മിഥില പദ്മന്‍, മാനേജിങ് ഡയറക്ടര്‍ സുപ്രിയ സുരേന്ദ്രന്‍, ഡയറക്ടര്‍ സന്ദീപ് സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.