എട്ടുകിലോയോളം കഞ്ചാവുമായി രണ്ടുയുവാക്കൾ പിടിയിൽ
മാനന്തവാടി: കാല്നടക്കാരായ രണ്ട് യുവാക്കളില്നിന്ന് 7.700 കിലോ കഞ്ചാവ് പിടികൂടി. പേരിയ 39 വള്ളിത്തോടാണ് കഞ്ചാവുമായി ഇരുവരും പിടിയിലായത്. വരയാല് കാപ്പാട്ടുമല വെള്ളറ ഷിജോബിന് (32), പടിഞ്ഞാറത്തറ ആനപ്പാറ പുളിക്കല് അഖില് (21) എന്നിവരില്നിന്നാണ് കഞ്ചാവ് പിടികൂടിയത്.
വയനാട് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ലഹരി വിരുദ്ധ സേനാംഗങ്ങളും തലപ്പുഴ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. യുവാക്കളുടെ കൈവശമുണ്ടായിരുന്ന രണ്ട് ബാഗുകളില് ഏഴ് കവറുകളിലായി സൂക്ഷിച്ച ഏഴേ മുക്കാല് കിലോ കഞ്ചാവാണ് ചൊവ്വാഴ്ച ഉച്ചക്ക് പിടികൂടിയത്. ബംഗളൂരുവില്നിന്ന് വിലയ്ക്ക് വാങ്ങിയ കഞ്ചാവുമായി ബസില് കണ്ണൂരിലെത്തുകയും അവിടെനിന്ന് മറ്റൊരു ബസില് വരയാലിലെത്തുകയുമായിരുന്നുവെന്ന് യുവാക്കൾ പറഞ്ഞു.
തുടർന്ന് കാല്നട ചെയ്യുന്നതിനിടയിലാണ് പിടിയിലായത്. മാനന്തവാടിയിലുള്ള ഒരാൾക്ക് കൈമാറുന്നതിനു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് യുവാക്കളുടെ മൊഴി. തലപ്പുഴ എസ്.ഐമാരായ പി.ജെ. ജിമ്മി, വി.കെ. പ്രകാശന്, എ.എസ്.ഐ എം.എ. ഷാജി, ലഹരി വിരുദ്ധ സേനാംഗങ്ങൾ എന്നിവർ ചേര്ന്നാണ് രണ്ട് പ്രതികളെയും കഞ്ചാവും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.