കെ.എസ്.ആർ.ടി.സി ബസ് ‘കാണാതായി’, പിന്നീട് കണ്ടുകിട്ടി
പുൽപ്പള്ളി: കബിനിഗിരിയിൽനിന്നും പത്തനംതിട്ടയിലേക്ക് സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് (നമ്പർ ആർടിസി 324) ‘കാണാതായി’. ബസ് പിന്നീട് ബത്തേരി ഡിപ്പോയിൽനിന്നും കണ്ടുകിട്ടി. ഞായറാഴ്ച രാവിലെ എട്ടോടെ പത്തനംതിട്ടയിൽ നിന്നെത്തിയ ബസ് കബനിഗിരിയിൽ ഹാൾട്ട് ചെയ്യുകയായിരുന്നു. വൈകീട്ട് പത്തനംതിട്ടക്ക് തിരിച്ചു പോകാനായി ബസ് എടുക്കാൻ വന്നപ്പോഴാണ് കാണാതായത്. സമീപത്തുള്ള കെട്ടിടത്തിലാണ് ഡ്രൈവറും കണ്ടക്ടറും ഉറങ്ങിയിരുന്നത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.25ന് ഈ ബസ് ബോർഡ് വെക്കാതെ മുള്ളൻകൊല്ലിയിലൂടെ കടന്നുപോയതായി നാട്ടുകാർ അറിയിച്ചു. ഡ്രൈവർ ഇതു സംബന്ധിച്ച് പുൽപ്പള്ളി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അബദ്ധം പിണഞ്ഞതാണെന്ന് കണ്ടെത്തിയത്.
പെരിക്കല്ലൂരിൽ ഹാർട്ട് ചെയ്യുന്ന പാലാ-പൊൻകുന്നം കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവർക്ക് ഞായറാഴ്ച രാവിലെ ഹൃദയാഘാതമുണ്ടായിരുന്നു. ഇതിനെതുടർന്ന് കെ.എസ്.ആർ.ടി.സിയുടെ ബത്തേരി ഡിപ്പോയിൽനിന്നും ഒരു ഡ്രൈവറെ പ്രസ്തുത ബസ് എടുത്ത് ബത്തേരിയിലെത്തിക്കാൻ അധികൃതർ വിട്ടിരുന്നു. ഈ ജീവനക്കാരൻ കബിനിഗിരിയിലെത്തി തെറ്റായ കെ.എസ്.ആർ.ടി.സി ബസ്സുമായി ബത്തേരി ഡിപ്പോയിലേക്ക് പോവുകയാണുണ്ടായത്. പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബസ് ബത്തേരി ഡിപ്പോയിലുണ്ടെന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.