ഫേസ് വൺ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വീട്ടുകൂടൽ ചടങ്ങിൽ കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ് കുട്ടികൾക്കൊപ്പം കേക്ക് മുറിക്കുന്നു

കൽപറ്റ ടൗൺഷിപ്പിൽഫേസ് വൺ കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട്ടുകൂടൽ ഉത്സവം

കൽപ്പറ്റ: ഉരുൾ ബാധിതർക്കായുള്ള ടൗൺഷിപ്പിൽ ഫേസ് വൺ കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട്ടുകൂടൽ ഉത്സവം നടത്തി. ഉരുൾ ദുരന്തബാധിതർക്കായി സർക്കാർ നടപ്പാക്കുന്ന സംരംഭക പദ്ധതിയായ മൈക്രോപ്ലാനിൽ ഫേസ് വണ്ണിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തുമെന്ന് മന്ത്രി ടി. സിദ്ദീഖ് പറഞ്ഞു. ഗുണഭോക്താക്കൾക്കുള്ള തുക രണ്ടുലക്ഷം രൂപയായി വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു. അനുവദിച്ച തുക പലർക്കും ലഭിച്ചില്ലെന്ന് ഗുണഭോക്താക്കളുടെ പരാതി ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. മുണ്ടക്കൈ ചുരൽമല ഉരുൾ ദുരന്തബാധിതർക്കായി കഴിഞ്ഞ സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളിൽ ഒന്നായിരുന്നു മൈക്രോ പ്ലാൻ. പദ്ധതി പ്രഖ്യാപിച്ചതോടെ പരാതികളുമായി നിരവധി കുടുംബങ്ങൾ രംഗത്തുവന്നിരുന്നു. മൈക്രോ പ്ലാനിൽപ്പെട്ട പലർക്കും പണം ലഭിച്ചതുമില്ല. ഇത് പലവിധ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. ഫേസ് വൺ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വീട്ടുകൂടൽ ചടങ്ങിൽ ഗുണഭോക്താക്കൾ ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. താമസം തുടങ്ങിയവർക്ക് മാലിന്യനിർമാർജനത്തിന് സംവിധാനമില്ലെന്നും പരാതിയുന്നയിച്ചു. മന്ത്രിയുടെ ഉദ്ഘാടന പ്രസംഗശേഷമാണ് സംസാരിച്ചവർ പരാതികൾ ഉന്നയിച്ചത്. തുടർന്ന് വീണ്ടും സദസ്സിനെ അഭിസംബോധന ചെയ്ത മന്ത്രി പുതിയ പ്രഖ്യാപനം നടത്തുകയായിരുന്നു.

ഏറെനാളായി നിലനിന്നിരുന്ന മൈക്രോ പ്ലാൻ വിവാദത്തിനാണ് ഇതോടെ വിരാമമായത്. മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന വയനാട് ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിക്കിട്ടിയ 178 ഗുണഭോക്താക്കൾ അംഗങ്ങളായതാണ് ഫെയ്സ് വൺ കൂട്ടായ്മ. ഇതിനോടകം ഇവരിൽ കുറച്ചു കുടുംബങ്ങൾ ടൗൺഷിപ്പിൽ താമസം തുടങ്ങിയിരുന്നു. ബാക്കിയുള്ള കുടുംബങ്ങൾ ഇന്നും നാളെയുമായാണ് വാടക വീടുകളിൽനിന്ന് പുതിയ വീട്ടിലേക്ക് താമസം മാറുന്നത്. ഇതിന്റെ ഭാഗമായാണ് ഫെയ്സ് വൺ കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട്ടുകൂടൽ നടത്തിയത്. പരിപാടി കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ, കൽപറ്റ നഗരസഭ ചെയർപേഴ്സൺ പി. വിശ്വനാഥൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി. ഹംസ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഫെയ്സ് വൺ കൂട്ടായ്മ കൺവീനർ രമേശൻ അധ്യക്ഷതവഹിച്ചു.

Tags:    
News Summary - Housewarming festival led by the Kalpetta Township Phase One collective

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.