പുൽപാറയിൽ കഴിഞ്ഞ ദിവസം കണ്ട പുലി
കൽപറ്റ: കൽപറ്റ നഗരസഭ പരിധിയിൽ വന്യജീവി ഭീഷണി ഒഴിയുന്നില്ല. കൽപറ്റക്കടുത്ത പുൽപാറയിൽ നാട്ടുകാർ പുലിയെ കണ്ടതാണ് ഒടുവിലത്തെ സംഭവം. വെള്ളിയാഴ്ച രാത്രി 11:15 ഓടെയാണ് പുൽപാറ അമ്പലത്തിനു മുന്നിലെ പാലത്തിന് സമീപത്തായി ചിലർ പുലിയെ കണ്ടത്.
ബഹളം വെച്ചതോടെ പുലി സമീപത്തെ തേയിലത്തോട്ടത്തിലേക്ക് കടന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിൽനടത്തിയെങ്കിലും കണ്ടെത്താനായില്ല.
തേയിലത്തോട്ടത്താൽ ചുറ്റപ്പെട്ട മേഖലയാണ് പുൽപാറ. 200ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട് ഇവിടെ. എന്നാൽ, എസ്റ്റേറ്റിന്റെ ഭൂരിഭാഗവും കാടുമൂടിയ നിലയിലാണ്. കഴിഞ്ഞ ഒക്ടോബറിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കാടുവെട്ടിത്തെളിക്കാമെന്ന് എസ്റ്റേറ്റ് അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ജനവാസ മേഖലകളെ ഒഴിവാക്കി വനത്തിന് സമീപത്തെ കാടുമൂടിയ ഭാഗങ്ങളാണ് വെട്ടിത്തെളിച്ചതെന്ന് ആരോപണമുണ്ട്. പുൽപാറ മലയിൽ നിന്നാണു പുലി ഇറങ്ങുന്നതെന്നാണ് നിഗമനം.
ഈ ഭാഗത്തു പുലിമടയുണ്ടെന്ന് സംശയമുണ്ട്. ഇവിടങ്ങളിൽ നിന്നുള്ള പുലികളാണു രാത്രിയിൽ സമീപപ്രദേശങ്ങളായ റാട്ടക്കൊല്ലി, പുൽപാറ, ബൈപാസ് മേഖലകളിലേക്കെത്തുന്നത്.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ കണ്ടെത്തിയ എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം പുലിയെ കണ്ടത്. ഒക്ടോബർ 15ന് രാവിലെ എട്ടരയോടെ കൽപറ്റ ബൈപാസിന് സമീപത്തെ തേയിലത്തോട്ടത്തിൽ വീട്ടമ്മയും മക്കളും പുലിയെ കണ്ടിരുന്നു.
പുൽപാറ ഫാക്ടറിക്ക് സമീപവും ചിലർ പുലിയെ കണ്ടിരുന്നു. പുൽപാറ 31 പാറ ട്രാൻസ്ഫോമറിന് സമീപത്തും റാട്ടക്കൊല്ലി വാഴക്കുണ്ട് ഭാഗത്തെ ജനവാസമേഖലയിലും മുമ്പ് പുലിയെ കണ്ടിരുന്നു.
പെരുന്തട്ടയടക്കം കൽപറ്റ നഗരത്തിനടുത്ത വിവിധയിടങ്ങളിൽ പോലും വന്യജീവി ഭീഷണിയുള്ളത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.