ക​ൽ​പ​റ്റ​യി​ലെ പ​ഴ​വി​പ​ണി

കനത്ത ചൂടിൽ പഴങ്ങളും പൊള്ളുന്നു

കൽപറ്റ: കനത്ത ചൂടിൽ നാടുംനഗരവും പൊള്ളുമ്പോൾ പഴവിപണയിലും വില വർധനവിന്റെ ചൂട്. ചൂട് കൂടുമ്പോൾ സാധാരണക്കാർ ആശ്വാസം തേടുന്നത് പഴങ്ങളിലാണ്. വേനൽ കടുത്തതോടെ ശരീരത്തിലെ നിർജലീകരണം തടയാൻ പഴങ്ങൾക്കും ജലാംശം കൂടുതലുള്ള പച്ചക്കറികൾക്കും ആവശ്യക്കാരേറെയുണ്ട്. എന്നാൽ, ചൂടിനൊപ്പം വിലയും ഉയരുന്നത് ഉപഭോക്താക്കളെ കാര്യമായി വലയ്ക്കുകയാണ്. ചൂട് ഇനിയും കൂടുമെന്ന സൂചനകൾ വരുമ്പോൾ പഴവിപണിയിലും വിലവർധനക്കാണ് സാധ്യത. വേനൽകാലത്ത് ഏറ്റവും ചെലവുള്ള ചെരുനാരങ്ങക്ക് ദിവസേന വില വർധിക്കുകയാണ്. വൻതോതിൽ വില വർധിച്ചതോടെ നാരങ്ങാ വെള്ളത്തിന്റെ വിൽപനതന്നെ പല സ്ഥാപനങ്ങളും നിർത്തിവെച്ചു. നാരങ്ങ ക്ഷാമവും വിപണിയിൽ അനുഭവപ്പെടുന്നുണ്ട്. കിലോഗ്രാമിന് 50 രൂപയുണ്ടായിരുന്ന ചെറുനാരങ്ങക്കാണ് നിലവിൽ 240 മുതൽ 300 രൂപ വരെ വില.

അയൽസംസ്ഥാനങ്ങളിലെ കാലാവസ്ഥാവ്യതിയാനം നാരങ്ങാ വിളവെടുപ്പിനെ ബാധിച്ചതാണ് വില ഇത്രയും വർധിക്കാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ചിലയിടങ്ങളിൽ ജലക്ഷാമം കാരണം നാരങ്ങാച്ചെടികൾ ഉണങ്ങിപ്പോയതും വില വർധനക്ക് കാരണമായിട്ടുണ്ട്. ഓറഞ്ച്, പൈനാപ്പിൾ, ആപ്പിൾ, തണ്ണിമത്തൻ, മാമ്പഴം, മുന്തിരി തുടങ്ങിയവക്കെല്ലാം കഴിഞ്ഞയാഴ്ചത്തേക്കാൾ വില വർധിച്ചു. വേനലിൽ പഴങ്ങൾക്ക് ഡിമാൻഡ് കൂടിയതും പശ്ചിമേഷ്യൻ യുദ്ധവുമാണ് വില വർധിക്കാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇന്ത്യയിൽ ഇപ്പോൾ സീസൺ അല്ലാത്തതിനാൽ വിദേശ രാജ്യങ്ങളിൽനിന്നാണ് ആപ്പിൾ എത്തുന്നത്. ഇറാനിൽ നിന്നായിരുന്നു പ്രധാന ഇറക്കുമതി. ഇറാൻ ആപ്പിൾ കിലോഗ്രാമിന് 170 രൂപക്ക് ലഭിച്ചിരുന്നു. യുദ്ധ പശ്ചാത്തലത്തിൽ ഇറാനിൽനിന്നുള്ള ആപ്പിൾവരവ് നിലച്ചു. നിലവിൽ ന്യൂസിലൻഡ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ആപ്പിളെത്തുന്നത്. ഇപ്പോൾ ആപ്പിളുകൾക്ക് 250 മുതൽ 350 രൂപ വരെയാണ് കിലോ ഗ്രാമിന് വില. തണ്ണിമത്തന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിന് പുറമെ വിലയും കൂടി. കിലോഗ്രാമിന് 25 രൂപയിൽ നിന്നു 40 രൂപയായാണ് വർധിച്ചത്. പൈനാപ്പിളിനും വില കൂടി.

80 രൂപക്ക് ലഭിച്ചിരുന്ന കറുത്ത മുന്തിരിക്ക് 120 രൂപക്ക് മുകളിലാണ് ഇപ്പോഴത്തെ വില. കുരുവില്ലാത്ത മുന്തിരിക്ക് 200 രൂപക്ക് മുകളിൽ നൽകണം. മാമ്പഴം സുലഭാണെങ്കിലും വിലയുടെ കാര്യത്തിൽ കുറവൊന്നുമില്ല. പപ്പായ കിലോയ്ക്ക് 40 രൂപയാണ് വില. മറ്റ് പ്രധാന പഴവർഗങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. പേരക്ക, കക്കിരി എന്നവയ്ക്കെല്ലാം വില വർധിച്ചിട്ടുണ്ട്.

Tags:    
News Summary - Fruits also burn in intense heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.