പ്രചാരണം അവസാന ലാപ്പിലേക്ക് ജില്ലയെ ഒപ്പംനിർത്താൻ മുന്നണികൾ
കൽപറ്റ: പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ ജില്ലയിലെ മൂന്നു നിയമസഭ മണ്ഡലങ്ങളെയും ഒപ്പംനിർത്താനുള്ള പോരാട്ടത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും. മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിൽ എൻ.ഡി.എയും കളം നിറയുകയാണ്. ചുട്ടുപൊള്ളുന്ന വെയിലിെൻറ കാഠിന്യത്തിൽ വിശ്രമമറിയാത്ത പാച്ചിലിലാണ് സ്ഥാനാർഥികൾ. വോട്ടർമാർ പോളിങ് ബൂത്തിലേക്കെത്താൻ ഇനി അഞ്ചു ദിവസം മാത്രമാണ് ബാക്കിയുള്ളത്. പരമാവധി വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാനാണ് ഇനിയുള്ള ഓട്ടം. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും റോഡ് ഷോയും പൊതുസമ്മേളനവും പ്രചാരണ രംഗത്ത് വലിയ ഊർജമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. പ്രമുഖ നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനുള്ള നീക്കം എൽ.ഡി.എഫും നടത്തുന്നുണ്ട്.
ഏപ്രിൽ മൂന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എൻ.ഡി.എയുടെ പ്രചാരണത്തിനായി ജില്ലയിലെത്തുന്നുണ്ട്. സ്ഥാനാർഥികളെല്ലാം ഇതിനകം മണ്ഡലങ്ങളിൽ മൂന്നു റൗണ്ട് പര്യടനം പൂർത്തിയാക്കിയിട്ടുണ്ട്. കുടുംബ യോഗങ്ങളും പൊതുസമ്മേളനവും ഇതോടൊപ്പം നടക്കുന്നുണ്ട്.
പ്രതീക്ഷകൾ തല്ലിക്കെടുത്തിയ സർക്കാർ -പി.പി.എ. കരീം, യു.ഡി.എഫ് ചെയർമാൻ
വയനാട്ടിലെ ജനങ്ങളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയ എൽ.ഡി.എഫ് സർക്കാറിന് ജനം ഉചിതമായ മറുപടി നൽകും. അഞ്ചു വർഷം അടയിരുന്നിട്ടും ജില്ലയുടെ വികസനത്തിനായി ഒന്നും ചെയ്തില്ല. ജില്ലയുടെ സ്വപ്നമായ മെഡിക്കൽ കോളജിനായി ഒന്നും ചെയ്യാതെ അവസാനം ജില്ല ആശുപത്രിയുടെ ബോർഡ് മാറ്റി ജനങ്ങളെ കമ്പളിപ്പിക്കുകയാണ്.
ജില്ലയുടെ റേയിൽവേ സ്വപ്നം തല്ലിത്തകർത്തു. ചുരം ബദൽപാത നടപ്പാക്കാനായില്ല. ഇവരാണ് മൂന്നുകൊല്ലം കൊണ്ട് തുരങ്കപാത ഉണ്ടാക്കുമെന്ന് പറയുന്നത്. ഇത് ജില്ലയിലെ ജനങ്ങളെ പരിഹസിക്കുകയാണ്. 7000 കോടിയുടെ വയനാട് പാക്കേജ് നടപ്പാകുമെന്നത് കാലാവധി കഴിഞ്ഞ സർക്കാറിെൻറ കുമ്പസാരമാണ്. ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും വിജയിക്കാനാകുമെന്ന് വലിയ ആത്മവിശ്വാസമുണ്ട്. കിറ്റ് കൊടുത്ത് വോട്ടർമാരെ മയക്കാമെന്നത് വ്യാമോഹം മാത്രമാണ്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സന്ദർശനം വലിയ ഊർജം പകരും.
റോഡ് ഷോ കൊണ്ട് വോട്ടർമാരെ മയക്കാനാകില്ല -പി. ഗഗാറിൻ,സി.പി.എം ജില്ല സെക്രട്ടറി
ജില്ലയിൽ നിലവിലുള്ള രണ്ടു സിറ്റിങ് സീറ്റ് നിലനിർത്തുന്നതിനോടൊപ്പം സുൽത്താൻ ബത്തേരി മണ്ഡലം കൂടി പിടിച്ചെടുക്കും. പ്രചാരണത്തിൽ നേടിയ മുൻതൂക്കവും കോൺഗ്രസ് നേതൃത്വത്തിലെ പ്രശ്നങ്ങളും ഇടതുപക്ഷത്തിന് അനുകൂലമാകും. സംസ്ഥാന സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളെല്ലാം വോട്ടാകും.
കെ ഫോൺ ഉൾപ്പെടെ കേരളത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതികളെല്ലാം നടപ്പാക്കിയതിലൂടെ യുവാക്കളെ വലിയതോതിൽ ആകർഷിക്കാനാകും. ഇന്നത്തെ സാഹചര്യത്തിൽ ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയ തീരുമാനം അനുയോജ്യമാണ്. ജില്ലയെ ഒന്നായി കണ്ടുകൊണ്ടുള്ള വികസന പദ്ധതികളാണ് ഇടതുപക്ഷം നടപ്പാക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോയിലൂടെ വോട്ടർമാരെ മയക്കാനാകില്ല. സ്ഥാനാർഥികളെ കുറിച്ചുപോലും വ്യക്തതയില്ലാതിരുന്ന ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാകില്ല.
പ്രചാരണത്തിൽ ബഹുദൂരം മുന്നിൽ -സജി ശങ്കർ, ബി.ജെ.പി ജില്ല പ്രസിഡൻറ്
ജില്ലയിൽ എൻ.ഡി.എ സ്ഥാനാർഥികളുടെ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. മൂന്നാംഘട്ട ഗൃഹസമ്പർക്ക പരിപാടി വെള്ളിയാഴ്ച പൂർത്തിയാക്കും. കുടുംബ യോഗങ്ങളും സജീവമാണ്.
തുടക്കത്തിൽ മന്ദഗതിയിലായിരുന്നെങ്കിലും പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്താനായി. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, വി. മുരളീധരൻ, സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ ജില്ലയിലെത്തുന്നതോടെ പ്രചാരണം ആവേശത്തിലാകും. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ മാത്രമായിരുന്നു ഇതുവരെയുള്ള ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.