കൽപറ്റയിലെ സജീവമായ സ്കൂൾ വിപണി
കൽപറ്റ: വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്കൂൾ വിപണി സജീവമാകുന്നു.
മുൻ വർഷങ്ങളെപ്പോലെ ചെറിയ കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള ഉൽപന്നങ്ങളാണ് കൂടുതൽ.
വലിയ ഷോപ്പിങ് മാളുകൾ വൻ ഓഫറുകൾ നൽകി നേരത്തേതന്നെ പ്രത്യേക സ്കൂൾ വിപണി സജ്ജമാക്കിയിട്ടുണ്ട്. ഇക്കുറി ഇന്ത്യൻ ഉൽപന്നങ്ങളാണ് വിപണിയിൽ കൂടുതലും വിൽപനയ്ക്കായി എത്തിയത്.
വാട്ടർ ബോട്ടിലുകൾ, ബാഗുകൾ, കുടകൾ, നോട്ടുപുസ്തകങ്ങൾ എന്നിവക്ക് 10 മുതൽ 20 ശതമാനം വരെ വില വർധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വലിയ ഷോപ്പിങ് മാളുകളുടെ വരവ് ചെറുകിട കച്ചവടത്തെ സാരമായി ബാധിച്ചെന്ന് വ്യാപരികൾ പറയുന്നു. സാധാരണ സ്കൂൾ തുറക്കുന്നതിനു മുമ്പുള്ള ആദ്യത്തെ രണ്ടാഴ്ചകളിൽ രക്ഷിതാക്കളും കുട്ടികളുടെയും നല്ല തിരക്കുണ്ടാകുമായിരുന്നു. ഇത്തവണ ചെറുകിട സ്ഥാപനങ്ങളിൽ കച്ചവടം കുറഞ്ഞിട്ടുണ്ട്. എങ്കിലും ആദ്യമായി സ്കൂളില്‍ പോകാന്‍ തയാറെടുക്കന്ന കുരുന്നുകളെയടക്കം ലക്ഷ്യമിട്ട് വ്യത്യസ്തമായ ഉൽപന്നങ്ങളാണ് കടകളിൽ എത്തിയിരിക്കുന്നത്.
കാലവർഷം ഇക്കുറി നേരത്തെ എത്തുന്നതിനാൽ മഴക്കോട്ടുകൾക്കും കുടകൾക്കും ചെരുപ്പുകൾക്കുമായി ആവശ്യക്കാർ നേരത്തെതന്നെ കടകളിൽ എത്തുന്നുണ്ട്.
മഴക്കോട്ടിനടക്കം മികച്ച വിൽപനയുണ്ട്. വേനൽമഴ ദിവസങ്ങളായി തുടർച്ചയായി പെയ്തതോടെ പ്രായഭേദമന്യേ കുടകൾക്ക് ആവശ്യക്കാർ ഏറെയാണ്. നല്ല ബ്രാൻഡ് കുടകൾക്ക് 350 മുതലാണ് വില. വിപണിയിലെ വിലക്കയറ്റം മുന്നിൽക്കണ്ട് സപ്ലൈകോ, കൺസ്യൂമർ ഫെഡ്, സഹകരണ സംഘങ്ങൾ അടക്കം വിലക്കുറവിൽ സ്കൂൾ വിപണി ആരംഭിച്ചിട്ടുണ്ട്.
കുട്ടികളുടെ ബാഗുകളിൽ കാർട്ടൂൺ കഥാപാത്രങ്ങളാണ് താരങ്ങൾ. ബാഗ് ബ്രാൻഡ് അനുസരിച്ച് ശരാശരി 400 മുതൽ 1500 രൂപ വരെയാണ് വില. ട്രോളി സ്കൂൾ ബാഗുകൾക്കും ഇത്തവണ ആവശ്യക്കാർ കൂടിയിട്ടുണ്ട്. പ്രധാന കമ്പനികളുടെ ബാഗുകൾക്കും ആവശ്യക്കാർ ഏറെയാണ്. ഇത്തരം സർക്കാർ വിപണികളിൽ പൊതുവിപണിയെ അപേക്ഷിച്ച് 100 മുതൽ 200 രൂപ വരെ വിലക്കുറവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.