ചുരത്തിൽ അപകടാവസ്ഥയിലായ കലുങ്കിന്റെ നവീകരണപ്രവൃത്തി പുരോഗമിക്കുന്നു
കൽപറ്റ: വയനാട് ചുരത്തിൽ അപകടാവസ്ഥയിലായ കലുങ്കിന്റെയും സുരക്ഷാഭിത്തിയുടെയും നവീകരണ പ്രവൃത്തി തുടങ്ങി. ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതികൂട്ടുന്ന പ്രവൃത്തിയുടെ ഭാഗമായാണിത്. രണ്ടാംവളവിന് താഴെ റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ട സ്ഥലത്തിന് തൊട്ടുതാഴെയുള്ള കലുങ്കാണ് നവീകരിക്കുന്നത്. ഒരുഭാഗത്തെ കല്ലുകൾ പൊളിഞ്ഞ് അപകടാവസ്ഥയിലായ കലുങ്ക് പുതുക്കിപ്പണിയും. നിലവിൽ രണ്ടാംവളവിന് താഴെയുള്ള കലുങ്കിന്റെ വലതുഭാഗത്തിന് അടിവശത്തായി കരിങ്കല്ലിന്റെ കെട്ട് പലയിടത്തും തകർന്നനിലയിലാണ്.
ഇവിടെ പാതയോരത്തോട് ചേർന്ന ഭാഗത്തും അകത്തേക്ക് അഞ്ചുമീറ്ററോളം ഭാഗത്തുമാണ് കെട്ട് തകർന്ന് കരിങ്കല്ലുകൾ വീണുകിടക്കുന്നത്. നാലുവർഷംമുമ്പ് ഇവിടുത്തെ പാതയോരത്തോട് ചേർന്നുള്ള നാല് മീറ്ററോളം ഭാഗം നവീകരിച്ചിരുന്നു. ശേഷിക്കുന്ന 11 മീറ്റർ ദൈർഘ്യമുള്ള ഭാഗമാണ് ഇപ്പോൾ പൊളിച്ചുമാറ്റി പുതുക്കിപ്പണിയുന്നത്. നിലവിൽ കലുങ്കിനരികിൽ റോഡിന് ഇടതുഭാഗത്തായുള്ള ഉയരമുള്ള സുരക്ഷാഭിത്തിയുടെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. കലുങ്കിന് അടിഭാഗത്ത് വലിയ തകർച്ച നേരിട്ട കരിങ്കൽകെട്ട് പൊളിച്ച് പുതുക്കിപ്പണിതശേഷം സ്ലാബ് വാർത്ത് കലുങ്കും റോഡ് പ്രതലവും നവീകരിക്കും. സുരക്ഷാഭിത്തിയുടെ നിർമാണം പൂർത്തീകരിച്ച് കഴിഞ്ഞാലാണ് ഇത് ചെയ്യുക. നവീകരണപ്രവൃത്തികൾക്കായി ആദ്യം ടാർചെയ്ത പ്രതലത്തിന്റെ വലതുവശവും പിന്നീട് ഇടതുഭാഗവും പൊളിക്കും.
ടൺകണക്കിന് ഭാരമുള്ള ചരക്കുവാഹനങ്ങളും ആയിരക്കണക്കിന് യാത്രാവാഹനങ്ങളുമാണ് ദിനംപ്രതി ചുരത്തിലൂടെ പോകുന്നത്. ശോചനീയാവസ്ഥയിലുള്ള കലുങ്കായതിനാൽ അപകടസാധ്യതയുണ്ട്. ഇതിനാലാണ് കലുങ്ക് പൊളിച്ച് പുതുക്കിപ്പണിയാൻ പി.ഡബ്ല്യു.ഡി എൻ.എച്ച് വിഭാഗം തീരുമാനിച്ചത്. 12 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ടെൻഡർ ചെയ്ത് നവീകരണം തുടങ്ങിയത്. കൊണ്ടോട്ടി സ്വദേശി ഷബീറാണ് പ്രവൃത്തിയുടെ കരാറേറ്റെടുത്തത്. പി.ഡബ്ല്യു.ഡി എൻ.എച്ച് വിഭാഗം ഓവർസിയർ പി.പി. ഹബീബിന്റെ സാന്നിധ്യത്തിലാണ് നിലവിൽ സുരക്ഷാഭിത്തിയുടെ നിർമാണപ്രവൃത്തി നടത്തുന്നത്. രണ്ടുവർഷംമുമ്പ് രണ്ടാംവളവിന് താഴെ റോഡിലെ പ്രതലത്തിൽ അങ്ങിങ്ങായി 20 മീറ്ററോളം ദൈർഘ്യത്തിൽ കണ്ട വിള്ളലുകളാണ് പിൽക്കാലത്ത് അതിന് തൊട്ടുതാഴെയുള്ള കലുങ്കിന്റെ സ്ഥിതി പരിശോധിക്കാനും തകർച്ചയുടെ പ്രാരംഭം കണ്ടെത്താനും വഴിയൊരുക്കിയത്.
വയനാട് ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതികൂട്ടുന്ന പ്രവൃത്തി പുരോഗമിക്കുന്നതിന്റെ ഭാഗമായാണ് ഭാരമേറിയ വാഹനങ്ങൾക്കും മൾട്ടി ആക്സിൽ ലോറികൾക്കും വെള്ളിയാഴ്ച മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കോഴിക്കോട് പി.ഡബ്ല്യു.ഡി എൻ.എച്ച് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയർ കെ.വി. സുജീഷ് അറിയിച്ചു. എന്നാൽ, തിങ്കളാഴ്ച മുതലായിരിക്കും നിയന്ത്രണം കർശനമാക്കുക. വളവ് വീതികൂട്ടുന്ന പ്രവൃത്തി അവസാനിക്കുന്നതുവരെ നിയന്ത്രണം തുടരും.
കോഴിക്കോടുനിന്ന് കൽപറ്റ ഭാഗത്തേക്ക് പോകുന്ന മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾ താമരശ്ശേരി ചുങ്കത്തിൽനിന്ന് ബാലുശ്ശേരി-കുറ്റ്യാടി വഴിയും കൽപറ്റ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ഇത്തരം വാഹനങ്ങൾ വൈത്തിരി ടൗണിൽനിന്ന് പടിഞ്ഞാറത്തറ-തരുവണ-കുറ്റ്യാടി വഴിയും പോകണം. മറ്റ് വാഹനങ്ങൾ ചുരത്തിൽ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിലൂടെ പോകണം. കൂടാതെ വാഹനങ്ങള് സാവധാനത്തിലും സുരക്ഷിതമായും അധികൃതരുടെ നിർദേശങ്ങൾ പാലിച്ചും കടന്നുപോകണമെന്ന് എക്സിക്യൂട്ടിവ് എൻജിനിയർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.