കൽപറ്റ പഴയ സ്റ്റാൻഡിന് മുമ്പിൽ നിർത്തി യാത്രക്കാരെ ഇറക്കുന്ന സ്വകാര്യ ബസ്
കൽപറ്റ: സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിൽ കയറാത്തത് യാത്രക്കാരെ വലക്കുന്നു. മാനന്തവാടി, സുൽത്താൻ ബത്തേരി ഭാഗങ്ങളിൽനിന്നുവരുന്ന ബസുകളാണ് സ്റ്റാൻഡിനുപുറത്ത് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഇത് രാപകൽ ഭേദമന്യേ യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുകയാണ്. മഴക്കാലം തുടങ്ങിയതോടെ യാത്രാദുരിതം ഇരട്ടിയായി. ബസ് കാത്ത് റോഡരികിലും നടപ്പാതയിലും നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
പഴയ സ്റ്റാൻഡിന് പുറത്ത് ബസ് ഇറങ്ങി അകത്തേക്ക് നടക്കുന്ന യാത്രക്കാർ
മാസങ്ങൾക്ക് മുമ്പാണ് ട്രാഫിക് അഡ്വൈസറി ബോർഡിന്റെ നിർദേശ പ്രകാരം ബസുകൾ സ്റ്റാൻഡിൽ കയറാതായതെന്ന് യാത്രക്കാർ പറയുന്നു. ഈ ക്രമീകരണം അറിയാതെ നിരവധി യാത്രക്കാർ സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കാറുണ്ട്. ബസുകൾ പ്രധാന റോഡിൽ നിർത്തുന്നത് ഗതാഗതക്കുരുക്കിനുപുറമേ സമീപത്തെ ഓട്ടോ സ്റ്റാൻഡിനൻറെയും കച്ചവട സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നിലവിൽ പഴയ ബസ് സ്റ്റാൻഡിൽ മേപ്പാടി,പൊഴുതന, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള സ്വകാര്യ ബസുകൾ മാത്രമാണ് കയറിയിറങ്ങുന്നത്.
പുതിയ ബസ് സ്റ്റാൻഡിലും പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. വൈകീട്ട് ആറ് കഴിഞ്ഞാൽ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ ഇവിടെ പ്രവേശിക്കില്ല. പഴയ ബസ് സ്റ്റാൻഡിൽനിന്നു കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാർ രാത്രി സ്റ്റാൻഡിനു പുറത്ത് റോഡരികിലും സമീപത്തെ കടകൾക്കു മുന്നിലും നടപ്പാതയിലുമാണ് ബസ് കാത്തുനിൽക്കുന്നത്. പുതിയ ബസ് സ്റ്റാൻഡിൽനിന്നുള്ള ദീർഘദൂര യാത്രക്കാർക്കും സമാനമായ അവസ്ഥയാണ്.
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് ബസുകൾ മണിക്കൂറുകൾ വൈകുമ്പോഴും സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാർ പ്രാഥമിക കാര്യങ്ങൾക്കുപോലും സൗകര്യമില്ലാതെ റോഡരികിൽ നിൽക്കണം. പുതിയ സ്റ്റാൻഡിൽ ആവശ്യത്തിന് ഇരിപ്പിടങ്ങൾ, ശുചിമുറികൾ, വാഹനപാർക്കിങ് തുടങ്ങിയ സൗകര്യങ്ങളുണ്ടായിട്ടും രാത്രിയായാൽ ഇവിടം വിജനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.