പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽപാതക്കായി ജനകീയ കർമസമിതി സമരം നടത്തുന്ന പടിഞ്ഞാറത്തറ ടൗണിലെ പന്തൽ. ഇതാണ് പഞ്ചായത്ത് അധികൃതർ പൊളിച്ചുനീക്കിയത്

വെള്ളമുണ്ട: പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽപാതക്കായി നടത്തുന്ന ജനകീയ സമരം 1315 ദിനം പൂർത്തിയാകുന്നു. എന്നാൽ, നടപടികളെടുക്കാതെ അധികൃതർ നാടിനെ കബളിപ്പിക്കുകയാണെന്ന പരാതി വ്യാപകമായി. സമരപ്പന്തൽ ബുധനാഴ്ച പഞ്ചായത്ത് അധികൃതർ ഇടപെട്ട് പൊളിച്ചുനീക്കുകയും ചെയ്തു. മുൻ ഇടത് സർക്കാറിന്റെ കാലത്ത് പ്രാഥമിക പഠനത്തിനും മറ്റുമായി ഒന്നര കോടി രൂപ അനുവദിക്കുകയും ഊരാളുങ്കൽ സൊസൈറ്റിയെ പദ്ധതി ഏൽപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 14 ദിവസം കാട്ടിലൂടെ സഞ്ചരിച്ച് റോഡിന്റെ സാധ്യതയെക്കുറിച്ച് പഠിക്കുകയും പ്രാഥമിക റിപ്പോർട്ട് തയാറാക്കുകയും ചെയ്തിരുന്നു. എന്നാൽ, പഠനം പൂർത്തിയാക്കി 16 മാസം പൂർത്തിയായിട്ടും ഈ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കാത്തതിൽ ദുരൂഹതയുണ്ട്.

വയനാട് ഭാഗത്തെ പ്രാഥമിക പഠനമാണ് അന്ന് നടന്നത്. അതേ സമയത്ത് തന്നെ കോഴിക്കോട് ജില്ലയിലെ ഭാഗത്ത് പഠനം നടത്തുന്നതിനായി കോഴിക്കോട് ഡി.എഫ്.ഒയുടെ അനുവാദം തേടിയിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ആ ഫയൽ നീങ്ങിയില്ല. സമര സമിതി വകുപ്പു മന്ത്രിക്ക് പരാതി നൽകുകയും കൃഷി മന്ത്രി ടി. സിദ്ദീഖ് അടക്കം ഇടപെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇടപെട്ടപ്പോഴാണ് ഉദ്യോഗസ്ഥ ലോബിയുടെ അലംഭാവം പുറത്തുവന്നത്. ഡി.എഫ്.ഒക്ക് നൽകിയ അപേക്ഷയിൽ പരിശോധന നടത്താൻ അനുവാദം തരണം എന്ന് മാത്രമാണത്രേ ആവശ്യപ്പെട്ടത്.

എന്ത് സർവ്വേയാണെന്ന് പറഞ്ഞില്ല എന്ന കാരണത്താൽ എന്താണെന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് വനം വകുപ്പ് പി.ഡബ്ല്യു.ഡിക്ക് കത്ത് തിരിച്ചയച്ചെങ്കിലും അവർ വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് സൂചന. പ്രാഥമിക റിപ്പോർട്ട് പൂർത്തിയാക്കി ഡി.പി.ആർ തയാറാക്കി പരിവേഷ് പോർട്ടലിൽ കേന്ദ്ര വനം വകുപ്പിന് അപേക്ഷ നൽകിയാൽ മാത്രമേ റോഡിന്റെ ഗതി എന്തെന്ന് അറിയുകയുള്ളൂ. എന്നാൽ, പ്രാഥമിക പഠനമടക്കം തടയുന്ന ഉദാസീന നിലപാടാണ് സംസ്ഥാനത്തെ വിവിധ വകുപ്പുകൾ ഇപ്പോഴും തുടരുന്നത്. രാഷ്ട്രീയ നേതാക്കൾക്ക് ഫയലുകൾ കെട്ടിക്കിടക്കുന്ന വിവരം പകൽപോലെ വ്യക്തമാണെങ്കിലും ഒരു പ്രതിഷേധവും ആരും ഉയർത്തുന്നില്ല. ഉദ്യോഗസ്ഥ ലോബിയുടെ മെല്ലെപ്പോക്കിന് ഒത്താശ ചെയ്യുന്ന നിലപാടിന് പിന്നിൽ ദുരൂഹതയുണ്ട്.

വയനാടിന്റെ ഗതാഗത തടസ്സങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ കഴിയുന്ന ബദൽ റോഡാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്. എന്നാൽ, പരസ്യമായി പാത വരണമെന്ന് പറയുകയും രഹസ്യമായി അതിനു തുരങ്കം വെക്കുന്ന നിലപാടാണ് രാഷ്ട്രീയക്കാർ നടത്തുന്നത്. 2023ൽ പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിൽ പന്തൽ കെട്ടി ആരംഭിച്ച റിലേ സമരത്തിന്റെ പന്തൽ ഗ്രാമ പഞ്ചായത്ത് ഇടപെട്ട് കഴിഞ്ഞ ദിവസം പൊളിച്ചതും വിവാദമായിട്ടുണ്ട്. ഇതേ സ്ഥലത്തുതന്നെ സമരപ്പന്തൽ വീണ്ടും ഉയർത്തുമെന്നാണ് സമിതി നേതാക്കൾ പറയുന്നത്.

1994 മുതൽ ഭരണവർഗം നിരന്തരം തിരസ്കരിച്ച മുഖ്യരാഷ്ട്രീയ പാർട്ടികളും സ്ഥലത്തെ പ്രമുഖരും മുഖവിലയ്ക്കെടുക്കാതിരുന്ന നിർദിഷ്ട ബദൽപാത പദ്ധതിയെ പാർലമെൻറിലും കേരള നിയമസഭയിലും ഹൈകോടതിയിലും പിന്നെ സമൂഹ ബോധത്തിലും എത്തിക്കാനും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ബോധ്യപ്പെടുത്തിക്കൊടുക്കാനും ഇക്കഴിഞ്ഞ മൂന്നു വർഷം നീണ്ട സമരംകൊണ്ട് ജനകീയ കർമസമിതിക്ക് സാധിച്ചുവെന്നത് യാഥാർഥ്യമാണ്.

Tags:    
News Summary - പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.