ഗവ. മെഡിക്കല്‍ കോളജ് മടക്കിമലയിൽ; തുടർനീക്കവുമായി ആക്ഷന്‍ കമ്മിറ്റി

കല്‍പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളജ് മടക്കിമലക്കടുത്ത് ചന്ദ്രപ്രഭ ട്രസ്റ്റ് സൗജന്യമായി നൽകിയ 54 ഏക്കര്‍ ഭൂമിയില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ യോഗം നടത്തുമെന്ന് മടക്കിമല ഗവ. മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് രണ്ടിന് മടക്കിമല സഹകരണ ബാങ്ക് ഹാളിലാണ് പരിപാടിയെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കോട്ടത്തറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ പി.പി. റെനീഷ്, ജനറല്‍ കണ്‍വീനര്‍ കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തംഗം സലാം നീലിക്കണ്ടി, ട്രഷറര്‍ കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തംഗം ശശി പന്നിക്കുഴി, മറ്റു ഭാരവാഹികളായ കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ്, പനമരം ബ്ലോക്ക് പഞ്ചായത്തംഗം ബിനു ജേക്കബ്, ഗഫൂര്‍ വെണ്ണിയോട്, വിജയന്‍ മടക്കിമല എന്നിവര്‍ അറിയിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സന്നദ്ധ, വനിതാ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മെഡിക്കല്‍ കോളജ് മടക്കിമലയിൽ വേണമെന്ന് ആവശ്യപ്പെട്ട് വിവിധ സമര പരിപാടികള്‍ നടത്തും. പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പൊതുയോഗവും ഒപ്പുശേഖരണവും നടത്തും. സര്‍ക്കാറിന് ഭീമഹര്‍ജി നല്‍കും. വനിതാ, യുവജന കൂട്ടാമയ്മകള്‍ ഗൃഹസമ്പര്‍ക്കം നടത്തും. രണ്ടാംഘട്ടത്തില്‍ പ്രചാരണ വാഹനജാഥയും സായാഹ്ന സദസ്സുകളും സംഘടിപ്പിക്കും. പിന്നീട് കലക്ടറേറ്റ് പരിസരത്ത് മനുഷ്യച്ചങ്ങലയും ഇതിനുശേഷം സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസവും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.

മടക്കിമല ഭൂമി മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് യോജിച്ചതാണെന്ന് മുന്‍ കലക്ടര്‍ ഡോ. രേണു രാജ് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയതാണ്. മടക്കിമലയില്‍ ദാനം ചെയ്ത ഭൂമി മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് ഉപയോഗപ്പെടുത്താത്ത സാഹചര്യത്തില്‍ ചന്ദ്രപ്രഭ ട്രസ്റ്റ് ഹൈകോടതിയെ സമീപിക്കുകയും വസ്തു തിരികെ ലഭിക്കുന്നതിന് അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളജ് പദ്ധതിക്കാണെങ്കില്‍ ഭൂമി ഇനിയും സര്‍ക്കാറിന് വിട്ടുകൊടുക്കാന്‍ ട്രസ്റ്റ് തയാറാണ്. ഇക്കാര്യം ട്രസ്റ്റ് അംഗവും കമ്മിറ്റി രക്ഷാധികാരിയുമായ നമിത വിജയ പദ്മന്‍ ആക്ഷന്‍ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

മടക്കിമലയില്‍ യോജിച്ച ഭൂമി സൗജന്യമായി ലഭിക്കുമെന്നിരിക്കേയാണ് സര്‍ക്കാര്‍ മാനന്തവാടിയുടെ പരിസര പ്രദേശങ്ങളില്‍ സ്ഥലം അന്വേഷിക്കുന്നത്. മെഡിക്കല്‍ കോളജിന് മാനന്തവാടിക്കടുത്ത് സ്ഥലം ലഭിക്കാത്ത സ്ഥിതിയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എളുപ്പം എത്താവുന്ന പ്രദേശമാണ് മടക്കിമല. ഇവിടെ മെഡിക്കല്‍ കോളജ് വരണമെന്നാണ് ജില്ലയിലെ ജനങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും ആഗ്രഹം. ഇതിനൊത്ത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നും കല്‍പറ്റ, ബത്തേരി എം.എല്‍.എമാര്‍ നിലപാട് വ്യക്തമാക്കണമെന്നും കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ൽ വേ​ണം -കോ​ൺ​ഗ്ര​സ് മു​ട്ടി​ൽ ക​മ്മി​റ്റി

മുട്ടിൽ: കോട്ടത്തറ വില്ലേജിലെ മടക്കിമലയിൽ ദാനമായി കിട്ടിയ സ്ഥലത്ത് ഗവ. മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്നും വായനാട്ടിലെ ജനങ്ങൾക്ക് ഇതാണ് എറെ സൗകര്യപ്പെടുകയെന്നും മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വ്യക്തമാക്കി. ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിക്കടക്കം നിവേദനം നൽകും. മണ്ഡലം സെക്രട്ടറിമാരായി ഹാരിസ് കാതിരിയെയും ജംഹർ തെനേരിയെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് ജോയ് തൊട്ടിതറ, എം.ഒ. ദേവസ്യ, പത്മനാഭൻ, സുന്ദർരാജ് എടപ്പെട്ടി, ഷിജു ഗോപാലൻ, ശശി പന്നിക്കുഴി, സുധിഷ്, വി.എം. ഉഷ, സുലൈമാൻ, ഹാരിസ് കാതിരി, ജംഹർ തെനേരി എന്നിവർ സംസാരിച്ചു.

Tags:    
News Summary - ഗവ. മെഡിക്കല്‍ കോളജ് മടക്കിമലയിൽ; തുടർനീക്കവുമായി ആക്ഷന്‍ കമ്മിറ്റി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.