നിയമസഭ തെരഞ്ഞെടുപ്പ്; ബത്തേരിയിൽ എം.എസ്. വിശ്വനാഥൻ എൽ.ഡി.എഫ് സ്ഥാനാർഥി? പ്രഖ്യാപനം 15ന്

സുൽത്താൻ ബത്തേരി: നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മുൻ കോൺഗ്രസ് നേതാവ് എം.എസ്. വിശ്വനാഥൻ കളത്തിൽ ഇറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായി. ഞായറാഴ്ച ചേർന്ന എൽ.ഡി.എഫ് യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടുള്ളതെന്നറിയുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ഐ.സി. ബാലകൃഷ്ണനെതിരെ മത്സരിച്ചതും എം.എസ്. വിശ്വനാഥനായിരുന്നു. അന്ന് ഐ.സിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ എം.എസ്. വിശ്വനാഥനായിട്ടുണ്ട്.

ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും എം.എസ്. വിശ്വനാഥൻ തന്നെയാണ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയെന്ന് എൽ.ഡി.എഫ് കേന്ദ്രങ്ങളിൽനിന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പേ വ്യക്തമായ സൂചന ലഭിച്ചിരുന്നു. മീനങ്ങാടിയിലെ പി. വാസുദേവൻ, മുൻ പൂതാടി പഞ്ചായത്ത് പ്രസിഡന്റും എൽ.ഡി.എഫ് ജില്ല സെക്രട്ടറിയേറ്റ് അംഗവുമായ രുക്മിണി സുബ്രഹ്മണ്യൻ എന്നിവരുടെ പേരും സുൽത്താൻ ബത്തേരിയുടെ സ്ഥാനാർഥി പട്ടികയിൽ മുമ്പ് പറഞ്ഞുകേട്ടിരുന്നു.

കെ.പി.സി.സി സെക്രട്ടറിയായിരുന്ന വിശ്വനാഥൻ 2021ൽ പാർട്ടി മാറിയാണ് സി.പി.എമ്മിൽ എത്തിയത്. തുടർന്ന് ഐ.സിക്കെതിരെ കളത്തിലിറങ്ങി. 11822 വോട്ടുകൾക്കാണ് അന്ന് ഐ.സിയോട് പരാജയപ്പെട്ടത്. നിലവിൽ സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിൽ പൂമല ഡിവിഷനിൽനിന്നുള്ള കൗൺസിലർ ആണ് എം.എസ്. വിശ്വനാഥൻ.

യു.ഡി.എഫ് സ്ഥാനാർഥി, ഐ.സി. ബാലകൃഷ്ണൻ തന്നെയാണെന്ന് അവരുടെ നേതാക്കൾ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണ നാലാം തവണയാണ് ഐ.സി ബത്തേരിയിൽ ജനവിധി തേടുന്നത്. ഐ.സിയെ തുടർച്ചയായി സ്ഥാനാർഥിയാക്കുന്നതിനെതിരെ പണിയ, കുറുമ വിഭാഗങ്ങൾ യു.ഡി.എഫിനുള്ളിൽ ചില മുറുമുറുപ്പുകൾ നടത്തിയിരുന്നു. കുറുമ വിഭാഗം ഏറെയുള്ള സുൽത്താൻ ബത്തേരി മണ്ഡലത്തിൽ അവർക്കിടയിൽനിന്ന് ഒരാളെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യമാണ് അവർക്കുള്ളത്. ഇത് എം.എസിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷ എൽ.ഡി.എഫ് കേന്ദ്രങ്ങൾക്കുണ്ട്.

ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് എൻ.ഡി.എ സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തെ കാണുന്നത്. എന്നാൽ, സ്ഥാനാർഥി തീരുമാനമായിട്ടില്ല. ഒന്നിൽ കൂടുതൽ ആളുകളുടെ പേരുകൾ ബി.ജെ.പി വൃത്തങ്ങളിൽനിന്ന് ഉയരുന്നുണ്ട്. കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനമുണ്ടാവുക.

മാനന്തവാടിയിൽ പണിയ വിഭാഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ആദിവാസി സംഘടനകൾ

കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലത്തിൽ പണിയ വിഭാഗക്കാരനായ സ്ഥാനാർഥിയെ സ്വതന്ത്രനായി മത്സരിപ്പിക്കുമെന്ന് വിവിധ ആദിവാസി സംഘടനകൾ പ്രഖ്യാപിച്ചു.

കാലങ്ങളായി ആദിവാസികളെ വോട്ടുചെയ്യാനുള്ളവർ മാത്രമാക്കി മാറ്റുകയാണ് മുന്നണികൾ ചെയ്യുന്നതെന്നും പുതിയ തലമുറയിൽപെട്ട ഗോത്രവിഭാഗക്കാർ വിദ്യാഭ്യാസം നേടിയവരാണെന്നും ഇനിയവരെ ചൂഷണം ചെയ്യാൻ കഴിയില്ലെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പണിയസമാജം നേതാവായ മണിക്കുട്ടൻ പണിയൻ ആയിരിക്കും സ്ഥാനാർഥിയെന്നാണ് സൂചന. പേര് രണ്ടാഴ്ച്ചക്കുള്ളിൽ പ്രഖ്യാപിക്കും.

ആദിവാസി വനിതാ പ്രസ്ഥാനം, ആദിവാസി ഗോത്ര മഹാസഭ, പണിയ സമാജം, കാട്ടുനായകൻ-അടിയൻ-പണിയൻ-വെട്ടുകുറുമൻ വെൽഫെയർ സൊസൈറ്റി, ആദിവാസി ക്ഷേമ സംഘം, ആദിശക്തി സമ്മർ സ്കൂൾ, മുത്തങ്ങ പുനരധിവാസ സമിതി, വിവിധ പണിയ സമുദായ സംഘടനകൾ, പട്ടികജാതി സമാജ കൂട്ടായ്മ, അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് തുടങ്ങിയ നിരവധി ആദിവാസി-ദലിത് പ്രസ്ഥാനങ്ങൾ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. വയനാട് ജില്ലയിൽ രണ്ട് സംവരണ മണ്ഡലങ്ങൾ ഉണ്ടെങ്കിലും വളർച്ച നേടിയ ചില സമുദായങ്ങളിൽ നിന്നുള്ളവർ മാത്രം നിയമസഭയിൽ ഉണ്ടായാൽ മതിയെന്നാണ് മുന്നണികൾ കരുതുന്നത്. ഇത് വംശീയ വിവേചനമാണ്.

ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ വിവേചനം തുടരുകയാണ്. പ്രാതിനിധ്യത്തേക്കാൾ ഉപരി രാഷ്ട്രീയത്തിൽ തുടരുന്ന വംശീയത അവസാനിപ്പിക്കുന്നതിനായി പണിയ സമുദായത്തിലെ വിദ്യാസമ്പന്നരായവരെ പരിഗണിക്കണമെന്ന് യു.ഡി.എഫ് നേതൃത്വങ്ങളെ ബോധ്യപ്പെടുത്തിയതാണ്. എന്നാൽ നടപടികളുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് തങ്ങൾ സ്വതന്ത്രമായി മത്സരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

പണിയ സമാജം നേതാവ് മണിക്കുട്ടൻ പണിയൻ, പട്ടികജാതി സമാജ കൂട്ടായ്മ ജില്ല പ്രസിഡന്റ് ഗിരീഷ് പനങ്കണ്ടി, ആദിവാസി ക്ഷേമ സംഘം നേതാവ് അഞ്ജു, കെ.ആർ. രേഷ്മ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. 

Tags:    
News Summary - Assembly elections; M.S. Viswanathan LDF candidate in Bathery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.